സുന്ദരവും ഭക്ത്യാധിക്യവുമുള്ള ഒമ്പത് രജനികളിലെ മഹോത്സവകാലമാണ് നവരാത്രി. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വിഷ്ണുചക്രം പ്രയോഗിച്ച് വകവരുത്തി യുദ്ധത്തില്‍ വിജയം വരിച്ചതിന്റെ ആഘോഷാചരണമാണ് വിജയദശമി.
മഹിഷന്റെ ജന്മം ഇങ്ങനെ: കരംഭനും രംഭനും ദനു എന്ന മായാസുരന്റെ മക്കളാണ്. സന്താനങ്ങള്‍ ഇല്ല ഇവര്‍ രണ്ടുപേര്‍ക്കും. പുത്രലഭ്യതയ്ക്കായി ഇവര്‍ തപസ്സാരംഭിച്ചു. ഇന്ദ്രന് മുതലയായി രൂപപ്പെട്ടു ജലത്തില്‍ തപസ് അനുഷ്ഠിക്കുന്ന കരംഭനെ കൊന്നു. ഇതുകണ്ട രംഭന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഗ്നി ദേവന് രംഭനോട് ചോദിക്കുന്ന വരം തരാമെന്നേറ്റു രംഭനെ ആത്മഹത്യയില്‍ നിന്ന് തടഞ്ഞു. രംഭന് ആവശ്യപ്പെട്ടു ത്രിലോകങ്ങളെയും ജയിക്കുന്ന പുത്രനെ വേണമെന്ന്. രംഭന് ഇഷ്ടപ്പെട്ട ഏതൊരു തരുണയിലും അത്തരമൊരു മകന് ജനിക്കുമെന്ന വരം അഗ്നി ഭഗവാന് രംഭന് നല്കി. രംഭന് ആദ്യം പ്രേമമുണ്ടായത് എരുമയോടായിരുന്നു. രംഭന് എരുമയില്‍ പിറന്ന പുത്രനാണ് മഹിഷന്.
വിശേഷജ്ഞാനമില്ലാത്ത മഹിഷന് പോത്തിന്റെ തലയും മനുഷ്യന്റെ ശരീരവുമാണ്. അഗ്നിദേവന്റെ വരം മഹിഷനെ ത്രിലോകങ്ങളെയും കീഴടക്കുവാന്‍ പുറപ്പെടുവിച്ചു. വിശേഷജ്ഞാനമില്ലാത്തവര്ക്ക് സര്‍വ്വാധിപത്യം ലഭിച്ചാല്‍ ലോകത്തിന് സര്‍വനാശമാണ് സംഭവിക്കുക. ഇന്ദ്രന്റെ നേതൃത്വത്തില്‍ ദേവന്മാര് സ്വര്‍ഗം നഷ്ടപ്പെടുമെന്ന് അറിഞ്ഞു ത്രിമൂര്‍ത്തികളെ ചെന്നുകണ്ടു മഹാവിഷ്ണുപറഞ്ഞു ഒരു സ്ത്രീക്ക് മാത്രമേ മഹിഷാസുരനെ പരാജയപ്പെടുത്തുവാന്‍ കഴിയൂ. സകല ദേവന്മാരുടെയും ശക്തിസ്വരൂപിച്ച് അവര്‍ ദുര്‍ഗയെ സൃഷ്ടിച്ചു. ദുര്‍ഗ മഹിഷനെ യുദ്ധത്തിന് വെല്ലുവിളിച്ച് ഇപ്രകാരം പറഞ്ഞു. തന്നെ പരാജയപ്പെടുത്തുന്നവന്റെ പത്നി പദം അലങ്കരിക്കുമെന്ന്, ദുര്‍ഗ ആസുരക ശക്തിയായ മഹിഷനെ സംഹരിച്ച് അജ്ഞാനാന്ധകാരത്തെ നശിപ്പിച്ച് അറിവിന്റെ പ്രഭയും ശാന്തിയും സമാധാനവും സന്തോഷവും പ്രപഞ്ചത്തില്‍ പുനഃസ്ഥാപിച്ചു.
നവരാത്രി ആരാധനയെ അപഗ്രഥനം നടത്തിയാല്‍ ആരാധനാ സമ്പ്രദായങ്ങളിലെ വൈചിത്ര്യഭാസുരതകള് കാണാം. പരാശക്തിയെ കുമാരി, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളി, ചണ്ഡിക, ശാംഭവി, ദുര്‍ഗ, സുഭദ്ര, എന്നീ ഒന്‍പത് ഭാവങ്ങളിലും, പരാശക്തിയെ ഒരേ ഭാവത്തിലും നവദിവസങ്ങളില് ആരാധിക്കുന്ന സമ്പ്രദായമുണ്ട്. ഇതിനു പുറമേ ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ മഹാദുര്ഗയെയും അതിനുശേഷമുള്ള മൂന്ന് ദിനരാത്രങ്ങളില്‍ മഹാലക്ഷ്മിയെയും, അവസാനത്തെ മൂന്ന് ദിനങ്ങളില്‍ മഹാസരസ്വതിയെയും ഉപാസിക്കുന്നവരുണ്ട്. നവരാത്രി പൂജയം അഷ്ടമി, നവമി, ദശമി, ദിനങ്ങളില്‍ മാത്രമായി സംഗ്രഹിക്കുമ്പോള്‍ അഷ്ടമിക്ക് മഹാദുര്ഗ, നവമിക്ക് മഹാലക്ഷ്മി, വിജയദശമിക്ക് മഹാസരസ്വതിക്ക് പ്രാധാന്യം നല്കുന്ന ആരാധനാക്രമമുണ്ട്. അറുപത്തിനാല് ഭിന്നരൂപങ്ങളില്‍ ദുര്‍ഗാദേവിയെ ഭാരതീയര്‍ പൂജിക്കുന്നു.
മഹിഷാസുരമര്‍ദിനിയായ ശ്രീദുര്ഗ്ഗാദേവിയെ ഭക്ത്യാദരപുരസ്സരം പ്രസംശിച്ച് നവരാത്രി ആഘോഷിക്കുന്നത് സത്ചിന്തകളെയും സജ്ജനങ്ങളെയും നന്മയും ധാര്‍മികതയും വളര്‍ത്താനാണ്.
ടി. പ്രശാന്ത്കുമാര്‍, എരഞ്ഞിപ്പാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: