ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ കെറാന്‍ മേഖലയില്‍ ഇന്ത്യന്‍ സൈനികരും നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ നടക്കുന്ന വെടിവയ്പ്പിനെ കുറിച്ച് പ്രതിരോധ മന്ത്രി എ കെ ആന്റണി വിശദീകരണം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മന്മോഹന് സിംഗും നവാസ് ഷെരീഫും തമ്മില്‍ സെപ്റ്റംബര്‍ 29ന് ആരംഭിച്ച ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ബിജെപി പറഞ്ഞു.
ഭീകര പ്രവര്‍ത്തനങ്ങളും നുഴഞ്ഞു കയറ്റവും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച നടത്തേണ്ട ആവശ്യകതയില്ലെന്ന് ബിജെപി വക്താവ് പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കി.
പ്രതിരോധ മന്ത്രി ഇതു സംബന്ധിച്ച കാര്യത്തില്‍ പ്രസ്താവന നടത്തുകയും അതിര്‍ത്തിയില്‍ നടക്കുന്ന യഥാര്‍ത്ഥ സ്ഥിതിയെ കുറിച്ച് പറഞ്ഞ് രാജ്യത്തിന് ആത്മവിശ്വാസം പകരുകയും ചെയ്യണമെന്ന് ജാവേദ്ക്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് ദിവസങ്ങളായി സൈന്യവും നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു വരികയാണ് ഇന്ന് അത് പതിനൊന്നാം ദിവസത്തേക്ക് കടന്നിരിക്കുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് എല്ലാ തരത്തിലും പ്രകോപനപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കഴിഞ്ഞ എട്ട് വര്‍ഷം താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഏറെ അതിര്‍ത്തി ലംഘനം നടന്നിട്ടുണ്ടെന്നും ജാവേദ്ക്കര്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 23ന് തുടങ്ങിയ സംഘര്‍ഷം രാജ്യം കൂടുതലായി അറിയുന്നത് ഇന്നലെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: