റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്നലെ ശിക്ഷ പ്രഖ്യാപിച്ചത്. 25 ലക്ഷം രൂപ പിഴയും ശിക്ഷയിലുണ്ട്. 17 വര്‍ഷം പഴക്കമുള്ള കേസില്‍ ലാലുവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്രയും ഉള്‍പ്പെടെ 45 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ജഗന്നാഥ് മിശ്രക്ക് കോടതി നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം ശിക്ഷ ലഭിച്ചതോടെ ലാലുവിന്റെ ലോക്സഭാംഗത്വം നഷ്ടമാകും. 65കാരനായ ലാലുവിന് ഇനി 11 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ലെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
വ്യാഴാഴ്ച രാവിലെ കോടതി നടപടികള്‍ ആരംഭിച്ച ഉടനെ പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ഏഴു വര്‍ഷം തടവ് നല്‍കണമെന്ന് സിബിഐ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു.പ്രതികളുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നാണ് ലാലുവിനും മിശ്രക്കും വേണ്ടി ഹാജരായ അഭിഭാഷകന് ബോധിപ്പിച്ചത്. ജെഡിയു എംപി ജഗദീശ് ശര്‍മ്മ, മുന്‍ നിയമസഭാംഗം ആര്.കെ.റാണ എന്നിവരും നാല് സീനിയര്‍ ഐഎഎസ് ഓഫീസര്‍മാരും ശിക്ഷിക്കപ്പെട്ടവരിലുണ്ട്.
മൂന്ന് വര്‍ഷത്തില്‍ കുറവു കാലം ശിക്ഷ ലഭിച്ച എട്ടു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കുറ്റക്കാരാണെന്ന് വിധിച്ച തിങ്കളാഴ്ച തന്നെ പ്രതികളെ റാഞ്ചിയിലെ ബിര്‍സാ മുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയായിരുന്നു വിധി പ്രസ്താവിച്ചത്. സിബിഐ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ജെഡി വക്താവ് മനോജ് ഝാ പറഞ്ഞു.1996 ലാണ് കാലിത്തീറ്റ കുംഭകോണക്കേസ് പുറത്തുവന്നത്. 97 ല്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: