ഷിമോഗ: വെസ്റ്റിന്‍ഡീസ് എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ പൊരുതുന്നു. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ എ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിട്ടുണ്ട്. 79 റണ്‍സോടെ ഓപ്പണറും മലയാളിയുമായ വി.എ. ജഗദീഷും 56 റണ്‍സോടെ മറുനാടന്‍ മലയാളി അഭിഷേക് നായരുമാണ് ക്രീസില്‍. വെസ്റ്റിന്‍ഡീസ് എ ഒന്നാം ഇന്നിംഗ്സില്‍ 406 റണ്‍സിന് പുറത്തായിരുന്നു. 7 വിക്കറ്റ് ബാക്കിനില്‍ക്കേ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 215 റണ്‍സിന് പിന്നിലാണ്. ഇന്ത്യന്‍ എ ടീമില്‍ കളിക്കുന്ന സെവാഗും ഗംഭീറും ബാറ്റിംഗില്‍ പരാജയപ്പെട്ടു. സെവാഗ് 7 റണ്‍സും ഗംഭീര്‍ 11 റണ്‍സുമാണെടുത്തത്.
283ന് ആറ് എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച വിന്‍ഡീസ് എ ടീം 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 91 റണ്‍സെടുത്ത ജോണ്‍സന്റെയും പുറത്താകാതെ 64 റണ്‍സെടുത്ത മില്ലറുടെയും ഉജ്ജ്വല ബാറ്റിംഗാണ് വിന്‍ഡീസ് എക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. സ്കോര്‍ 380-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 36 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ജോണ്സണ് സെഞ്ച്വറിക്ക് 9 റണ്‍സ് അകലെവച്ച് പുറത്താവുകയായിരുന്നു. ഭാര്‍ഗവ് ഭട്ട് സ്വന്തം ബൗളിംഗില്‍ പിടികൂടിയാണ് ജോണ്സണ് മടങ്ങിയത്. ഇതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതിരുന്ന വീരസ്വാമി പെരുമാളിനെയും ഭട്ട് മടക്കി. പിന്നീട് സ്കോര്‍ 390-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത എഡ്വേര്‍ഡ്സിനെ ഭട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒടുവില്‍ സ്കോര്‍ 406-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന കുമ്മിന്‍സിനെയും ഭാര്‍ഗവ് ഭട്ട് ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ് ഇന്നിംഗ്സിന് തിരശ്ശീല വീണു. ഇന്ത്യക്ക് വേണ്ടി ഭാര്‍ഗവ് ഭട്ട് 113 റണ്‍സ് വിട്ടുകൊടുത്ത് 7 വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് മലയാളി താരം വി.എ. ജഗദീഷിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഗൗതം ഗംഭീറിന് കഴിഞ്ഞില്ല. സ്കോര്‍ 44-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ഗംഭീറിനെ പെരുമാള്‍ എഡ്വേര്‍ഡ്സിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയും ഫോമിലേക്കുയര്‍ന്നില്ല. സ്കോര്‍ 104 റണ്‍സിലെത്തിയപ്പോള്‍ 25 റണ്‍സെടുത്ത പൂജാരയെ മില്ലര്‍ പവലിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത വിരേണ്ടര്‍ സെവാഗിനെയും ഇന്ത്യക്ക് നഷ്ടമായി. പെരുമാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാട്സണ് സ്റ്റാമ്പ് ചെയ്താണ് സെവാഗ് മടങ്ങിയത്. പിന്നീട് ജഗദീഷിനൊപ്പം അഭിഷേക് നായര്‍ ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ എ ടീം വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയതും കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ സ്കോര്‍ 191 റണ്‍സിലെത്തിച്ചതും. ഇതിനിടെ ഇരുവരും അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ടു. വിന്‍ഡീസിന് വേണ്ടി വീരസ്വാമി പെരുമാള്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: