കൊല്‍ക്കത്ത: ഉള്ളിവില കുതിച്ചുയരുമ്പോള്‍ കോഴിക്കച്ചവടക്കാര്‍ക്കും കഷ്ടകാലം. ഉള്ളിയ്ക്കും കോഴിയ്ക്കും തമ്മില്‍ എന്താ ബന്ധം എന്ന് ചോദിക്കാന്‍ വരട്ടെ. ഉള്ളിയില്ലാത്ത കോഴിക്കറിയെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കു. കോഴിയ്ക്കും ഉള്ളിയ്ക്കും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. കഴിഞ്ഞ മൂന്ന് മാസമായി ഉള്ളി വില കുതിച്ചുയരുകയാണ്. ഇതേ തുടര്‍ന്ന് ഉള്ളിയുടെ മാത്രമല്ല ഡിമാന്റ് ഇടിഞ്ഞത്. കോഴിയ്ക്കും ആവശ്യക്കാര്‍ കുറഞ്ഞുവെന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇറച്ചിക്കോഴി ഡിമാന്റില്‍ 15 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഉള്ളി വില മൂന്ന് അക്കത്തിനടുത്ത് എത്തിയെന്നതാണ് മറ്റൊരു വസ്തുത.
പ്രതിവര്‍ഷം 32 കോടി രൂപയുടെ ചിക്കനാണ് ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. ഉള്ളിവില ഉയരത്തില്‍ തുടരുകയാണെങ്കില്‍ ഇറച്ചിക്കോഴി ബിസിനസിനേയും അത് പ്രതികൂലമായി ബാധിക്കും. രാജ്യത്തെ പ്രധാനപ്പെട്ട ചിക്കന്‍ ഉപഭോഗ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ദല്‍ഹി, ജമ്മു-കാശ്മീര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കോഴി വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ റീട്ടെയില്‍ വില കിലോയ്ക്ക് 60-70 രൂപയാണ്. ഉത്പാദന ചെലവിനേക്കാള്‍ താഴെയാണ് ഈ നിരക്ക്. കുറഞ്ഞ വില ഡിമാന്റ് വര്‍ധിപ്പിക്കുമെന്ന ധാരണയും കോഴിയുടെ കാര്യത്തില്‍ തെറ്റിയിരിക്കുകയാണ്.
കോഴിക്കറി രുചികരമാവണമെങ്കില്‍ ഉള്ളിയെന്നതുപോലെ ഇഞ്ചിയും ഒരു അവശ്യഘടകമാണ്. ഇഞ്ചിവിലയും റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ തത്കാലത്തേയ്ക്കെങ്കിലും കോഴിയിറച്ചിയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്. മിക്ക വിപണിയിലും ഇഞ്ചിയുടെ ചില്ലറ വില കിലോഗ്രാമിന് 100-150 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: