ഹൈദരാബാദ്: പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്സ്റ്റെയില്‍ കോര്പ്പറേഷന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 300 റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കും. 2014 മാര്‍ച്ച് 31 ഓടെ 100 ഓളം ഷോറൂമുകളും 2015 ല്‍ 200 ഓളം ഷോറൂമുകളും ആരംഭിക്കാനാണ് പദ്ധതിയെന്ന് എന്‍ ടി സി സിഎംഡി ആര്.കെ.സിന്‍ഹ പറഞ്ഞു. എന്‍ ടി സി സ്വന്തമായോ അല്ലെങ്കില്‍ ഫ്രാഞ്ചെയ്സി മാര്ഗ്ഗത്തിലൂടെയൊ ആയിരിക്കും സ്റ്റോറുകള്‍ തുറക്കുക.
ഇന്ത്യന്‍ റിപ്പബ്ലിക് എന്ന് പേരിട്ടിരിക്കുന്ന റീട്ടെയില്‍ ശൃംഗലയുടെ ലോഗോ കേന്ദ്ര ടെക്സ്റ്റെയില്‍ മന്ത്രി കെ.എസ്.റാവു കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി കെ.ചിരഞ്ജീവി ചടങ്ങില്‍ സന്നിഹിതനായിരുന്നു. ആദ്യ ഘട്ടത്തില്‍ തുറക്കുന്ന സ്റ്റോറുകളിലൂടെ 2.6 ദശലക്ഷം മീറ്റര്‍ തുണിത്തരങ്ങള്‍ വില്പന നടത്താന്‍ സാധിക്കുമെന്നാണ് എന്‍ ടി സിയുടെ പ്രതീക്ഷ. ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ 399 രൂപ മുതല്‍ 1499 രൂപ വരെയുള്ള മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എന്‍ ടി സിയെന്നും അധികൃതര്‍ പറയുന്നു.
മുന്‍ വര്‍ഷം നാഷണല്‍ ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്റെ മൊത്തം വിറ്റുവരവ് 700 കോടി രൂപയായിരുന്നു. 300 റീട്ടെയില്‍ സ്റ്റോറുകള്‍ കൂടി തുറക്കുന്നതോടെ വിറ്റുവരവ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളും ഉടന്‍ പുറത്തിറക്കാന്‍ എന്‍ ടി സിയ്ക്ക് പദ്ധതിയുണ്ട്.
ഈ വര്‍ഷം 100 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശില്‍ നാല് ടെക്സ്റ്റെയില്‍ പാര്‍ക്കുകള്‍ രൂപീകരിക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ 500 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് നെയ്ത്ത് കേന്ദ്രം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: