റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് തന്റെ എം പി സ്ഥനവും
നഷ്ടപ്പെട്ടിരിക്കുന്നു. കൂട്ടിന് നാല് വര്‍ഷത്തെ ശിക്ഷയോടെ ജഗനാഥ് മിശ്രയും.
അധികാരത്തിലും പണത്തിലും മതിമറന്നാല്‍ മനുഷ്യന് താഴ്ച്ചയിലേക്കാണ് നീങ്ങുക എന്നതിന് ഉത്തമ ദൃഷ്ടാന്തം. ഒരു പക്ഷെ ജഡ്ജി പ്രവാസ് കുമാര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ശിക്ഷ വിധിക്കുമ്പോള്‍ ലാലുവും ഇത്തരത്തില്‍ തന്നെ ചിന്തിച്ചിരിക്കാം. ‘അഴിമതി കാട്ടുന്നവനും അതിന് കൂട്ടു നില്ക്കുന്നവനും അഴി തന്നെ ശരണം’.
ശിക്ഷാ വിധി വന്നതോടെ ബീഹാറിലെ കിരീടം വയ്ക്കാത്ത രാജാവെന്ന പദവിയില്‍ നിന്നും ലാലു ഇതാ ബിര്‍സാ മുണ്ടാ ജയിലിലെ 3312-ാം തടവുകാരനിലേക്ക്. പണ്ഡിതനില്‍ നിന്ന് പാമരനിലേക്കൊരു കൂപ്പു കുത്തല്.
എന്നാല്‍ ലാലുവിനോട് കൂറുള്ളവര്‍ ഇപ്പോഴും ലാലുവിന്റെ വിധി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ജയിലിലും ലാലുവിന് സുഖ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ആര്‍ജെഡി പ്രവര്ത്തകന് പറഞ്ഞു.
ടൈല്‍ പതിപ്പിച്ച ബാത്ത് റൂം, കേബിളോട് കൂടിയ ടി വി എന്നീ സൗകര്യങ്ങളാണ് ലാലുവിന് ഒരുക്കിയിരിക്കുന്നത്. എന്തിന് ലാലുവിന് ലഹരി പദാര്‍ത്ഥമായ പാന്‍ പരാഗ് വരെ റെഡി. നല്ല ഭക്ഷണം, മികച്ച ജീവിത രീതി എന്നിവയുമായി ജയിലിലും ലാലുവിന് സജീകരണങ്ങളൊരുക്കുകയാണ്. ജയില്‍ അധികൃതരും ഉദ്യോഗസ്ഥരുമെല്ലാം തന്നെ ലാലുവിന് എന്ത് സേവനം ചെയ്യാനും തയ്യാറായി നില്‍ക്കുകയാണ്.
എത്രയൊക്കെ സൗകര്യങ്ങള്‍ തന്നെ ഒരുക്കിയാലും സ്വതന്ത്രനായി നടക്കാന്‍ സാധിക്കുകയെന്നതാണ് ഒരാള്‍ക്ക് ആവശ്യമായി വരിക. അധികാരം നഷ്ടപ്പെട്ടതും ലാലുവിനെ ഏറെ കഷ്ടത്തിലാക്കും. അത്തരത്തില്‍ ചിന്തിച്ചാല്‍ ജയില്‍ വാസം ലാലുവിന് ക്ഷീണം തന്നെയാകും സമ്മാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: