ധാക്ക: ബംഗ്ലാദേശില്‍ 1971ലെ സ്വാതന്ത്ര്യസമര കാലത്തെ രാജ്യദ്രോഹ കുറ്റങ്ങളുടെ പേരില്‍ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ക്കെതിരായ കടുത്ത നിയമ നടപടികള്‍ തുടരുന്നു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യുടെ നേതാവും എംപിയുമായ സലാദുദ്ദിന് ഖ്വാദിര്‍ ചൗധരിയെ പ്രത്യേക ട്രിബ്യൂണല്‍ യുദ്ധക്കുറ്റംചുമത്തി വധശിക്ഷ വിധിച്ചു. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷ ലഭിക്കുന്ന ഏഴാമത്തെ ജമാ അത്തെ ഇസ്ലാമി നേതാവാണ് ചൗധരി.
പാക്കിസ്ഥാനില്‍ നിന്നു മോചനം തേടിയുള്ള സമരത്തിനിടെ സൈന്യവുമായി ചേര്‍ന്ന ചൗധരി മനുഷത്വ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തെന്നു വിധിന്യായത്തില്‍ കോടതി വിലയിരുത്തി. നൂറുകണക്കിനുപേരെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുക, കലാപത്തിനിരയായവരെ കൊള്ളയടിക്കുക, ബലാത്സംഗം തുടങ്ങി കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ചൗധരിയെ വിചാരണ ചെയ്തത്.
ചൗധരിക്കെതിരായ വിധി ജമാ അത്തെ ഇസ്ലാമിക്കും ബിഎന്പിക്കുമേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ചിറ്റഗോങ്ങിലെ രാഷ്ട്രീയ കുടുംബത്തിലെ അംഗമായിരുന്ന ചൗധരി ബംഗ്ലാദേശ് വിമോചനത്തെ എതിര്‍ത്ത് പാക് പട്ടാളത്തിനൊപ്പം ചേരുകയായിരുന്നു. ഹിന്ദുക്കളടക്കം അനവധിപേരെ തിരഞ്ഞുപിടിച്ചു വധിക്കുന്നതിനു ചുക്കാന്‍ പിടിച്ച ചൗധരികുറ്റക്കാരനാണെന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിധിക്കുകയുണ്ടായി.
71ലെ സ്വാതന്ത്ര്യ സമരകാലത്ത് പാക് സൈന്യവും ജമാ അത്തെ ഇസ്ലാമി ഭീകരരും ചേര്‍ന്ന് 30 ലക്ഷം ജനങ്ങളെ കൊന്നൊടുക്കിയതായാണ് കണക്കാക്കപ്പെടുന്നത്. 2010 അവാമി ലീഗ് സര്‍ക്കാരാണ് സ്വാതന്ത്ര്യ സമര വേളയിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിച്ചത്.
ജമാ അത്തെ ഇസ്ലാമിയുടെ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖ്വാദിര്‍ മുള്ളയ്ക്ക് സുപ്രീം കോടതി വിധിച്ച ജീവപര്യന്തം ട്രിബ്യൂണല്‍ നേരത്തെ വധശിക്ഷയായി ഉയര്‍ത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ കനത്ത അക്രമമാണ് അഴിച്ചുവിട്ടത്. അതിനാല്‍ത്തന്നെ ചൗധരിക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: