പാറ്റ്ന: ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അനിഷേധ്യതയുടെ മുദ്ര ചാര്‍ത്തിയ ലാലു പ്രസാദ് യാദവ് മടങ്ങുകയാണ്, കണക്കുകള്‍ തീര്‍ക്കാതെ.. ഒരിക്കല്‍ കൈവിട്ട സിംഹാസനം തിരിച്ചു പിടിക്കാതെ.. പ്രതികാരത്തിന്റെ പാഴ് വിത്തുകള്‍ പാകിയ മനസുമായി. ലാലുവിന്റെ പതനം ബിഹാറിലും ദേശീയ രാഷ്ട്രീയത്തിലും പുത്തന്‍ സമവാക്യങ്ങള്‍ക്ക് വഴിതുറക്കുകയാണ്.
1948 ഗോപാല്‍ ഗഞ്ച് ജില്ലയിലെ പുല്വാലിയിലെ യാദവ കുടുംബത്തിലായിരുന്നു ലാലുവിന്റെ ജനനം. ജാതിവിവേചനവും ദാരിദ്ര്യവും അരങ്ങുവാണ കാലം. യാദവര്‍ സമൂഹത്തിലെ താഴേത്തട്ടുകാരായി യാതനകള്ക്കൊപ്പംനടന്നു. ചെറുപ്പത്തിലെ തിക്താനുഭവങ്ങളായിരുന്നു ലാലുവിലെ കരുത്തനും തന്ത്രശാലിയുമായ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയത്.
വിദ്യാഭ്യാസകാലത്തുതന്നെ ലാലു രാഷ്ട്രീയത്തിലേക്കു ചുവടുവച്ചു. 1970ല്‍ പാറ്റ്നാ യൂണവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയന് ജനറല്‍ സെക്രട്ടറിയായി. ജയപ്രകാശ് നാരയണനില്‍ നിന്നും സത്യേന്ദ്ര നാഥ് സിന്ഹയില് നിന്നുമൊക്കെ പ്രചോദം ഉള്‍ക്കൊണ്ട ലാലുവിലെ രാഷ്ട്രീയക്കാരന് പക്വതയാര്‍ജിച്ചു. പിന്നീട് ജനതാ പാര്‍ട്ടി ടിക്കറ്റില്‍ 29-ാം വയസില്‍ ലോക് സഭയിലേക്ക്.
അടുത്ത ഒരു ദശകത്തിനുള്ളില്‍ ബീഹാറിലെ നിര്‍ണായക ശക്തിയായി ലാലുമാറി. മുസ്ലിങ്ങളും യാദവരുമടക്കമുള്ളവര്ക്കിടയില് ജനസമ്മതി ഉറപ്പിച്ചു. ബിഹാറിലെ മുസ്ലിങ്ങള്‍ അക്കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ 89ലെ ബഗല്‍പൂര്‍ ലഹളയോടെ അവരെ ലാലുവിന്റെ പാളയത്തിലേക്കുമാറി, 1990ല്‍ നാഷണല്‍ ഫ്രണ്ട് സഖ്യത്തിനെ വിജയത്തിലേക്ക് നയിച്ച ലാലു ആദ്യമായി മുഖ്യമന്ത്രി പദമേറി.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ രക്ഷകനായി ലാലു വാഴ്ത്തപ്പെട്ടു. പിന്നീട് ഒരുതവണകൂടി അധികാരത്തിലെത്തിയ ലാലുവിനെ കാലിത്തീറ്റകുംഭകോണക്കേസ് പിടിച്ചുലച്ചു. 1997 രാഷ്ട്രീയ ജനതാദള്‍ രൂപീകരിച്ച അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദശക്തിയായി തുടര്‍ന്നു.
വികസന രാഷ്ട്രീയമെന്ന മുദ്രാവാക്യവുമായി ജനതാദള്‍ യുവിന്റെ നിതീഷ്കുമാര്‍ കത്തിക്കയറിയാതാണ് ബീഹാറില്‍ ലാലുവിന്റെ പ്രതാപം ശരിക്കും നഷ്ടപ്പെടുത്തിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് ലാലുവിനെ നിഷ്പ്രഭനാക്കി. പുതിയ ഇന്ത്യയുടെ ഭാഗമാകാന്‍ കൊതിച്ച ബിഹാര്‍ ജനത ലാലുവിലെ മാന്ത്രികനെ മറന്നു. ബിജെപിയും നിതീഷനൊപ്പം ചേര്‍ന്നപ്പോള്‍ ലാലു ചിത്രത്തിലേ ഇല്ലാതായി.
എന്നാല്‍ നിതീഷ്- ബിജെപി സഖ്യം ശിഥിലമായത് ലാലുവിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് ചെറിയ ജീവന് നല്‍കിയിരുന്നു. പക്ഷെ, കോടതി വിധി സാധ്യതകളുടെ അവസാന വെളിച്ചവും കെടുത്തി. യുപിഎയുടെ ഭാഗമാകുന്നതില്‍ നിന്ന് നിതീഷിനെ എന്നും പിന്തരിപ്പിച്ചിരുന്നത് ലാലുവിന്റെ സാന്നിധ്യമാണ്.
ഇനി നിതീഷിന് കോണ്‍ഗ്രസുമായി കൂടാം. ലാലുവിന്റെ തകര്‍ച്ച, ദല്‍ഹിയിലെ കൂട്ടുകെട്ടുകളിലുണ്ടാകാന് പോകുന്ന പ്രധാന മാറ്റം അതാവും. ബീഹാറില്‍ ബിജെപിയും കോണ്‍ഗ്രസ് -ജെഡിയു സഖ്യവും തമ്മിലുള്ള അങ്കത്തിനും കളമൊരുങ്ങിയെന്നും വിലയിരുത്താം.
കാലിത്തീറ്റക്കേസിന്റെ നാള്‍വഴികള്‍
സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു കാലിത്തീറ്റ കുംഭകോണം. ബീഹാര്‍ മൃഗസംരക്ഷണ വകുപ്പില്‍ നടന്ന കോടിക്കണക്കിനു രൂപയുടെ തിരിമറികള്‍ രാജ്യത്തെയാകമാനം പിടിച്ചുലച്ചു. ലാലുവിനൊപ്പം മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയും മന്ത്രിമാരും ഉദ്യോഗ പ്രമുഖരും ആരോപണ വിധേയരായി. കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 53 എണ്ണം പിന്നീട് ഝാര്‍ഖണ്ഡിലേക്ക് മാറ്റി. 43 കേസുകളിലായി 1200 പേര് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ചൈബാസ ജില്ലാ ട്രഷറയില്‍ നിന്ന് 37.70 കോടിരൂപ അനധികൃതമായി പിന്‍വലിച്ചെന്ന കേസാണ് ലാലുവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത പാടുകള്‍ വീഴ്ത്തിയത്.
ജനുവരി 27, 1996: അഴിമതിക്കഥകള്‍ പുറത്ത്. ചൈബാസയടക്കമുള്ള ജില്ലകളിലെ കാലത്തീറ്റ വിതരണത്തിനായി നിലവിലില്ലാത്ത കമ്പനികളുടെ പേരില്‍ ട്രഷറി പണം അനുവദിച്ചെന്നു തെളിഞ്ഞു.
മാര്‍ച്ച് 11: പാറ്റ്നാ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
മാര്‍ച്ച് 19: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം. മേല്‍നോട്ടത്തിന് ജഡ്ജിമാരടങ്ങിയ ബെഞ്ചിനെ നിയോഗിച്ചു.
ജൂലൈ 27, 1997 : ലാലു പ്രസാദിനു മേല്‍ സിബിഐ പിടിമുറുക്കി. മുഖ്യമന്ത്രിപദം രാജിവച്ച ലാലു ഭാര്യ റാബ്റി ദേവിയെ അധികാരത്തിലേറ്റി.
ജൂലൈ 30: ലാലു സിബിഐ കോടതിയില്‍ കീഴടങ്ങി.
ആഗസ്റ്റ് 19, 1998: ലാലുവിനും റാബ്റിക്കുമെതിരെ അനധികൃത സ്വത്തുസമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തു.
ഏപ്രില്‍ 4, 2000: വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് ലാവുവിനെതിരെ കുറ്റപത്രം. റാബ്റി കൂട്ടുപ്രതി.
ഏപ്രില്‍ 5, 2000: ലാലുവും റാബ്രിയും കീഴടങ്ങി. മുഖ്യമന്ത്രി യായതിനാല്‍ റാബ്റിക്ക് ജാമ്യം.
ജൂണ്‍ 9: ലാലുവിനെതിരായ കുറ്റപത്രം കോടതിയില്‍.
ഒക്ടോബര്‍ 2001: കേസുകളെല്ലാം സുപ്രീം കോടതി ഝാര്‍ഖണ്ഡിലേക്ക് മാറ്റി.
ഡിസംബര്‍ 18, 2006: വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ ലാലുവിനും ഭാര്യയ്ക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്.
മെയ് 17, 2012: സിബിഐ പ്രത്യേക കോടതി ലാലുവിനെതിരെ മറ്റൊരു കേസെടുത്തു. 1995 ഡിസംബറിനും 96 ജനുവരിക്കുമിടെ ദുംക ട്രഷറിയില്‍ നിന്നു 3.13 കോടിരൂപ ലാലു പിന്‍വലിച്ചെന്നായിരുന്നു കണ്ടെത്തല്‍.
സപ്തംബര്‍ 17, 2013: കാലിത്തീറ്റക്കേസിലെ വിധി പറയുന്നത് റാഞ്ചി പ്രത്യേക കോടതി മാറ്റിവച്ചു
സപ്തംബര്‍ 30: ചൈബാസ ജില്ലാ ട്രഷറിയില്‍ തിരിമറി നടത്തിയ കേസില്‍ ലാലുവും ജഗന്നാഥ് മിശ്രയുമടക്കം 45 പ്രതികളും കുറ്റക്കാരാണെന്നു കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: