ന്യൂദല്‍ഹി: അഴിമതി വീരനായ ലാലു പ്രസാദ് യാദവിനും കൂട്ടര്‍ക്കും കിട്ടിയ ശിക്ഷ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉജ്ജ്വല മുഹൂര്‍ത്തമാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. ലാലുവും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. നിങ്ങള്‍ എത്ര ഉയരെയാണെങ്കിലും നീതി അതിനും മേലേ ആണെന്ന് കേസിലെവിധി തെളിയിക്കുന്നതായി ജെയ്റ്റ്ലി വിശദീകരിച്ചു.
1990-2005 കാലത്ത് ലാലു പ്രസാദ് യാദവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ബുീഹാറിന് കിട്ടാവുന്നതില്‍വെച്ചേറ്റവും മോശം ഭരണം നല്കി. ആ സര്‍ക്കാരുകള്‍ അറിയപ്പെട്ടിരുന്നത് ‘കാട്ടുഭരണ’മെന്നാണ്. ഭരണം ഏറ്റവും മോശമായ കാലമായിരുന്നു അത്. മന്ത്രിമാരും ജീവനക്കാരും ഓഫീസുകളില്‍ വന്നിരുന്നത് വല്ലപ്പോഴുമായിരുന്നു. അശ്ലീലതയായിരുന്നു രാഷ്ട്രീയ രീതി. അഴിമതി സാര്‍വത്രികമായിരുന്നു. വളര്‍ച്ചയും വികസനവും വോട്ടു നേടിത്തരില്ലെന്ന പുതിയൊരു രാഷ്ട്രീയ സിദ്ധാന്തംതന്നെ രൂപപ്പെട്ടു. വോട്ടുകിട്ടാനും അധികാരം നിലനിര്‍ത്താനും ജാതിയും വര്‍ഗീയ ധ്രുവീകരണവുമാണ് പറ്റിയ ഉപകരണമെന്ന അവസ്ഥ വന്നു. കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ആ പാര്‍ട്ടിയില്‍ മറ്റൊരു നേതാവില്ലായിരുന്നു.ഭാര്യ മുഖ്യമന്ത്രിയായി.ജാതി രാഷ്ട്രീയം കൊണ്ടു ധ്രുവീകരിക്കപ്പെട്ട സംസ്ഥാനം അവരെ മുഖ്യമന്ത്രിയായി അംഗീകരിച്ചു. അവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകപോലും ചെയ്തു.
2005 ബീഹാറിനു നിര്‍ണായകമായിരുന്നു. അധികാരത്തിലിരുന്നവരെ വോട്ടര്‍മാരെ പുറത്തെറിഞ്ഞു. അപ്പോള്‍ ലാലു കേന്ദ്ര മന്ത്രിയായി ചുമതലയേറ്റു. യുപിഎയുടെ സഖ്യകക്ഷി സര്‍ക്കാരിന്റെ സംതുലനക്കാരനായിമാറി. യുപിഎ സര്‍ക്കാരിനെ പിന്തുണക്കുന്നതിനു നിക്ഷിപ്ത താല്പര്യമുണ്ടായിരുന്നു ലാലുവിന്. അധികാരത്തില്‍ തുടരുന്നതിനൊപ്പം സിബിഐയെ തനിക്കെതിരേയുള്ള കേസില്‍ ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു ലക്ഷ്യം. 2004-ല്‍ യുപിഎ സര്‍ക്കാരിനു നേരിടേണ്ടി വന്ന പരീക്ഷണം ഏഴു കളങ്കിത മന്ത്രിമാരെ മന്ത്രിസഭയില്‍ തുടരാനനുവദിക്കുന്നതായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കളങ്കിതരെ സംരക്ഷിച്ചു. അവരില്‍ മുഖ്യന് ലാലുപ്രസാദായിരുന്നു. അദ്ദേഹത്തിനെതിരേയുണ്ടായിരുന്ന ചില കേസുകള്‍ കോടതിയില്‍ പ്രോസിക്യൂഷന് തന്നെ ഇല്ലാതാക്കി.ഒരു ഇങ്കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ അതിനെതിരേ കോടതിയില്‍ പോകേണ്ടെന്നു സിബിഐ തീരുമാനിച്ചു.ബീഹാര്‍ സര്‍ക്കാര്‍ അപ്പീല്‍ പോയപ്പോള്‍ അതിനുള്ള സംസ്ഥാന അധികാരം സിബിഐ ചോദ്യം ചെയ്തു.
വരവില്‍കവിഞ്ഞ സ്വത്തു കേസ് അങ്ങനെ എന്നെന്നേക്കുമായി ഒതുക്കി. ചിലര്‍ക്ക് ചില വേളയില്‍ സംവിധാനങ്ങളെ സ്വന്തം വരുതിയിലാക്കാം. എന്നാല്‍ എല്ലാവര്ക്കും എല്ലാക്കാലത്തും എല്ലാ സംവിധാനങ്ങളും വരുതിയിലാക്കാനാവില്ല. നീതിന്യായ വ്യവസ്ഥയില്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്തവരുണ്ട്. അസ്വസ്ഥരായ ചിലര്‍ക്ക് ജഡ്ജില്‍ അവിശ്വാസം ഉണ്ടാകും, അവരെ മാറ്റാന്‍ ശ്രമിച്ചു പരാജയപ്പെടും. പ്രോസിക്യൂട്ടറെ മാറ്റി, പക്ഷേ സുപ്രീം കോടതി ഇടപെട്ടു. ഒടുവില്‍ 45 പേര് കുറ്റക്കാരാണെന്നു വിധിച്ചു. അവരില്‍ രാഷ്ട്രീയക്കാരുണ്ട്, ഉദ്യോഗസ്ഥരുണ്ട്, ഇടനിലക്കാരുണ്ട്, കോണ്‍ട്രാക്ടര്‍മാരുണ്ട്.17 വര്‍ഷമെടുത്തു നീതി നടപ്പാകാന്‍. ആദ്യം പൊതു താല്പര്യക്കാര് കേസ് ബീഹാര്‍ പോലീസില്‍നിന്ന് സിബിഐയെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതില്‍ വിജയിച്ചു. യുപിഎ സര്‍ക്കാരിന്റെ സിബിഐ കേസ് അട്ടിമറിക്കുന്നതില്‍നിന്ന് തടയാനും അവര്‍ക്കായി. ഒടുവില്‍ ശിക്ഷ ഉറപ്പായപ്പോള്‍ ശിക്ഷകഴിഞ്ഞുള്ള രക്ഷക്ക് തയാറെടുപ്പുകള്‍ നടത്തി.
1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതിക്കു ശുപാര്‍ശകള്‍ കൊണ്ടുവന്നു. പാര്‍ലമെന്റ് ഈ ശുപാര്‍ശ തള്ളുകയും സ്റ്റാന്ഡിംഗ്കമ്മിറ്റിക്കു വിടുകയും ചെയ്തപ്പോള്‍ നാണമില്ലാത്ത യുപിഎ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. രാഷ്ട്രപതി അതില്‍ ഒപ്പുവെക്കാന്‍ മടിച്ചു. അതിനുള്ള കാരണങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്. ഇന്ന് എല്ലാവര്ക്കും അറിയാം എന്തിന് ഈ ഓര്‍ഡിനന്‍സു കൊണ്ടുവന്നുവെന്ന്. ശിക്ഷിക്കപ്പെടുമെന്നുറപ്പു വന്നപ്പോള്‍ നന്ദിയുള്ള ഒരു കുട്ടാളി കക്ഷിയെ രക്ഷിക്കാന്‍ മാത്രമായിരുന്നു. അവസാനം നീതി നടപ്പായി. നിങ്ങള്‍ എത്രമാത്രം ഉയരെയയായാലും നീതി അതിനും മുകളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: