കൊല്‍ക്കത്ത: ഇന്ത്യയ്ക്കാവശ്യം യാഥാര്‍ത്ഥ്യബോധമുള്ള പ്രധാനമന്ത്രിയെയാണെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. രാജ്യം സ്വാതന്ത്ര്യം നേടി ഇതാദ്യമായാണ് ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനതയ്ക്ക് രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. മന്മോഹന് സിംഗിനെ പോലുള്ള സാമ്പത്തിക വിദഗ്ധരെയല്ല രാജ്യത്തിനാവശ്യമെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി സദാ നിശബ്ദനാണ്. അദ്ദേഹം മികച്ച സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ വാജ്പേയ് ഒരു സാമ്പത്തിക വിദഗ്ധനായിരുന്നില്ല, പക്ഷേ അദ്ദേഹം ഒരു യാഥാര്‍ത്ഥ്യബോധമുള്ള വ്യക്തിയായിരുന്നു. എന്‍ഡിഎയുടേയും യുപിഎയുടേയും ഭരണകാലത്തെ സാമ്പത്തിക സ്ഥിതി എത്തരത്തിലുള്ളതാണെന്ന് താരതമ്യം ചെയ്തുനോക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
2004 ല്‍ യുപിഎ അധികാരത്തില്‍ വന്നശേഷം രൂപ കിതയ്ക്കുകയും ഡോളര്‍ കുതിയ്ക്കുകയുമാണ് ചെയ്തത്. ആഭ്യന്തര നിക്ഷേപകര്‍ വിദേശത്ത് നിക്ഷേപിക്കാന്‍ തയ്യാറാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍ വിദേശത്തേയ്ക്കാണ് പറക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഐസിസി, എംസിസി ചേംബര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1998 മുതല്‍ 2004 വരെയുള്ള എന്‍ ഡി എയുടെ ഭരണകാലത്ത് ഇന്ത്യ, കറന്റ് അക്കൗണ്ട് മിച്ചമുള്ള രാജ്യമായിരുന്നു. എന്നാല്‍ യുപിഎയുടെ ഭരണകാലത്ത് കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യമായി ഇന്ത്യമാറിയെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. നിലവിലെ പ്രശ്നം നിയന്ത്രണാതീതമാണെന്നും ഒരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളോടും നിരന്തരമായി ബിജെപി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അതുകൊണ്ടൊന്നും പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: