തിരുവനന്തപുരം: ഇപ്പോള്‍ കേരളത്തിലെ യുഡിഎഫിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ഘടക കക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയോട് പരാതിപ്പെട്ടു. പരാതികളുടെ വലിയ കെട്ടുമായാണ് യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ കണ്ടത്. രമേശ് ചെന്നിത്തലയ്ക്കു സുപ്രധാന വകുപ്പ് നല്കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിച്ചാലെ യുഡിഎഫിനു ലോക്സഭ തെരഞ്ഞെടുപ്പില്‍ സുഗമമായി മുന്നോട്ടു പോകാനാകൂ എന്നു കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ സോണിയയെ പ്രത്യേകമായി അറിയിക്കുകയും ചെയ്തു. എല്ലാ കക്ഷികളും യുഡിഎഫ് ഇപ്പോഴത്തെ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പ്രതീക്ഷിക്കുന്ന വിജയം ഉണ്ടാകില്ലെന്നും സോണിയയോട് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും അവര്‍ സോണിയയ്ക്കു മുന്നില്‍ വച്ചു.
വിവിധ കക്ഷികള്‍ വ്യത്യസ്ത പരാതികളാണ് സേണിയയ്ക്കു മുന്നില്‍ ഉന്നയിച്ചത്. ഘടകകക്ഷികളെ പ്രത്യേകമായാണ് സോണിയയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍വാസ്നികും ചേര്‍ന്ന് കണ്ടത്.
ഒരു ലോക്സഭാ സീറ്റുകൂടി വേണം എന്ന ആവശ്യമാണ് മാണിയും സംഘവും സോണിയയെ അറിയിച്ചത്. ഒരു ലോക്സഭാ സീറ്റ് വേണമെന്നു സോഷ്യലിസ്റ്റ് ജനതയും ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിനെ വര്ഗീയകക്ഷിയാക്കി ആക്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം അവസാനിപ്പിക്കണമെന്നും യുഡിഎഫിനെ ശക്തപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ നില ആശാസ്യമല്ല, കോണ്‍ഗ്രസ്സിലേയും യുഡിഎഫിലേയും അവസ്ഥ പരിതാപകരമാണെന്നും ലീഗ്. സോളാര്‍, സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചെന്നും അതു ഉടന്‍ പരിഹരിക്കണമെന്നും ജെഎസ്എസും കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും സോണിയയെ ധരിപ്പിച്ചു. ചെറുകക്ഷികളെ അവഗണിക്കുകയാണെന്നും അതും വരും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും ഈ കക്ഷികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
എന്‍എസ്എസിനു നല്കിയ വാക്ക് മുകുള്‍ വാസ്നിക് അവഗണിച്ചതും അവരെ പിണക്കിയതും ഗുണകരമാകില്ലെന്നും ഗണേഷിനെ മന്ത്രിയാക്കണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നല്കിയ വാക്ക് പാലിക്കണമെന്നും ആര്. ബാലകൃഷ്ണപിള്ള സോണിയയോട് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ഇപ്പോഴത്തെ നില ഗുണകരമല്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കാട്ടുന്ന ഉദാസീനത അവസാനിപ്പിക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളുടേയും പരാതി കേട്ട സോണിയ വ്യക്തമായ മറുപടി നല്‍കാതെ ചര്‍ച്ചയിലൂടനീളം മൗനം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: