കണ്ണൂര്‍: നിഷേധവോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന കഴിഞ്ഞദിവസത്തെ സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ ധര്‍മ്മടം വടേര കോമ്പൗണ്ടില്‍ വി. രാജേഷ് മോഹന്‍ ചാരിതാര്‍ഥ്യം. രണ്ട് വര്‍ഷം മുമ്പ് നടന്ന സംസ്ഥാന ഹയര്‍ സെക്കന്ററി സ്കൂള്‍ ശാസ്ത്രമേളയില്‍ പ്ലസ്ടു അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ സമ്മാനം നേടിയ രാജേഷ് നിര്‍മിച്ച ബേബി മെഷീന് എന്ന് പേരിട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുള്ള അംഗീകാരം കൂടിയാണ് കോടതിവിധി. ബേബി മെഷീന് വഴി ഒരു വോട്ടര്‍ക്ക് ഏത് ബൂത്തില്‍ നിന്നും വോട്ട് ചെയ്യാം. പുറമെ നിഷേധവോട്ട് രേഖപ്പെടുത്താം എന്ന സവിശേഷതയുമുണ്ട്. രസകരമായ മറ്റൊരു കാര്യം മെഷീന് വഴി സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തിപരമായി ലഭിച്ച വോട്ടും സ്ഥാനാര്‍ഥിയെയും പാര്‍ട്ടിയെയും ഒരുപോലെ ഇഷ്ടപ്പെട്ട് ചെയ്യുന്ന വോട്ടും നിഷേധവോട്ടും എളുപ്പത്തില്‍ മനസ്സിലാക്കാമെന്നതാണ്. ഇതുവഴി വ്യക്തമായ അവലോകനം നടത്തുവാനും സാധിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഇത് നന്നായി കാര്യങ്ങള്‍ നടത്തുവാന്‍ സാഹചര്യമൊരുക്കുകയും അതുവഴി വികസനം ഉണ്ടാവുകയും അഴിമതി തടയുവാനും കഴിയുമെന്ന് മമ്പറം ഹയര്‍ സെക്കന്ററി പ്ലസ്ടു അധ്യാപകനായ വി.രാജേഷ് മോഹന്‍ സമര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ ഈ വോട്ടിംഗ് മെഷീന് നേരത്തെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ക്യാഷ് അവാര്‍ഡിന് അര്‍ഹമായ കണ്ടുപിടുത്തത്തിന്റെ ഒരു ഭാഗമായ നിഷേധ വോട്ടെങ്കിലും നടപ്പില്‍ വരുന്നതില്‍ അതീവ സന്തുഷ്ടനാണ് അദ്ദേഹം. രാജേഷ് മോഹന്റെ ഭാര്യ ഗവ. ബ്രണ്ണന്‍ കോളേജ് ഹിന്ദി വിഭാഗം അസി. പ്രൊഫ. ഡോ. ജെ. വാസന്തിയാണ്. മക്കള്‍: ഗൗരി ആര്.ഭട്ട്, ഗായത്രി ഭട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: