ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിങ് ഗ്രാമീണയായ പടുകിഴവിയെപ്പോലെ മുറുമുറുക്കുകയാണെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. രാജ്യത്തിനുതന്നെ അപമാനകരമായ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ ഷെരീഫിന് എന്തധികാരമെന്ന് മോദി തിരിച്ചടിച്ചു. കോണ്‍ഗ്രസ് നേതൃത്വവും മന്മോഹനും മൗനംപാലിക്കവെയാണ് മോദി ഷെരീഫിന് ചുട്ടമറുപടി നല്‍കിയത്.
നമ്മള് തമ്മില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസവും നയങ്ങളുടെ പേരില്‍ ഭിന്നതയും നിലനില്‍ക്കുന്നുണ്ടാവാം. എന്നാല്‍ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കുള്ള അനുമതിയാണെന്ന് അതര്‍ത്ഥമാക്കുന്നില്ല, മോദി പറഞ്ഞു.
കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യതയില്‍ നിന്ന് രക്ഷിക്കുന്ന ഓര്‍ഡിനന്‍സിനെതിരെ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ചതിലൂടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്തു. സ്വന്തം നാട്ടിലെ അവസ്ഥഇതാണെങ്കില് വിദേശ രാജ്യങ്ങള്‍ നിങ്ങളെ എങ്ങനെ ബഹുമാനിക്കുമെന്നും മോദി ചോദിച്ചു.
യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരുക്കിയ ഉച്ചവിരുന്നിടെയായിരുന്നു ഷെരീഫ് മന്മോഹനെ അപകീര്‍ത്തിപ്പെടുത്തിയത്. പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മന്മോഹന് നിരന്തരം ആരോപിക്കാറുണ്ടല്ലോയെന്ന ചോദ്യത്തിന്, ഗ്രാമീണയായ പടുവൃദ്ധയുടെ ജല്പ്പന സമാനമാണതെന്ന് ഷെരീഫ് മറുപടി പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: