കോഴിക്കോട്: നമ്മുടെ സാംസ്കാരിക പൈതൃകത്തില്‍ നിന്ന് കുട്ടികളെ നാടുകടത്തുന്ന പ്രവണതയാണ് കാണുന്നതെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്സ്ലര് ഡോ. കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. തളി പത്മശ്രീ കല്ല്യാണ മണ്ഡപത്തില്‍ തോടയം കഥകളി യോഗത്തിന്റെ ഒരു വര്‍ഷം നീളുന്ന രജതോത്സവം – ആട്ടത്രയോദ്യതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നര്ക്കിടയിലുളള കലാപരമായ നിരക്ഷരതയാണ് കഥകളി, കൂടിയാട്ടം പോലുള്ള കലാരൂപങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും ആളുകള്‍ കുറയുന്നതിന് കാരണം. സ്കൂളുകളുടെ നിലവാരം കൂടുന്നതിന് അനുസരിച്ച് നമ്മുടെ സാംസ്ക്കാരിക പൈതൃകത്തില്‍ നിന്ന് കുട്ടികളെ നാടുകടത്തുന്ന പ്രവണത കൂടുകയാണ്.
കഥകളി, കൂടിയാട്ടം, കൂത്ത് പോലുള്ള കലാരൂപങ്ങള്‍ എന്താണെന്ന് പോലും പല കുട്ടികള്‍ക്കും അറിയില്ല. അടിസ്ഥാനപരമായി നമ്മുടേതായതെല്ലാം അന്യമാക്കുന്ന സാമൂഹിക വിദ്യാഭ്യാസ പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഇത് എന്റെ കലയാണ് എന്ന അഭിമാന ബോധമില്ലാത്ത കുട്ടികളെയാണ് ഇവിടങ്ങളില്‍ ഉല്പാദിപ്പിക്കുന്നത്. മൊാളിയനിര്ണ്ണയത്തിന്റെ കാര്യത്തില്‍ സമൂഹത്തിനുണ്ടായ അപഥ സഞ്ചാരമാണ് ഇതിന് കാരണമായത്. കാണാന്‍ ആളില്ലാത്തതുപോലെ തന്നെ ഇത്തരം കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും തയ്യാറാകുന്നവരുടെ എണ്ണവും കുറവാണ്. കഥകളി പോലുള്ള ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ആസ്വദിക്കുന്നതിനാവശ്യമായ രീതിയില്‍ വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് ശിക്ഷണം നല്കാന് സാധിക്കണം. എന്നാല്‍ മാത്രമേ ഇത്തരം കലാരൂപങ്ങള്‍ കാണാനും ആവശ്യമായ പ്രോത്സാഹനം നല്‍കാനും വരുന്ന തലമുറകള്‍ക്ക് സാധിക്കൂ. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ചിലകാര്യങ്ങള്‍ മനസ്സിലാക്കാം. കലയും കലാരൂപങ്ങളും എങ്ങനെ ആസ്വദിക്കണമെന്ന് കൃത്യമായി അറിവുള്ളവരാണ് പാശ്ചാത്യര്‍.
നമ്മുടെ പലകലാരൂപങ്ങളും സൗജന്യമായി കാണിച്ചതാണോ നമുക്ക് പറ്റിയ തെറ്റ് എന്ന് ചിന്തിക്കണം. നമ്മുടെ ഉദാരതയാണോ ശത്രുവായി മാറിയത് എന്ന് ചിന്തിക്കണം. കഥകളി വേഷമിട്ട് കച്ചവട ഉത്പന്നങ്ങളുടെ താല്പര്യങ്ങള്ക്ക് നില്‍ക്കുന്നത് ശരിയല്ല. കഥകളിയിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നതാണ് അഭിപ്രായം. രംഗകലയുടെ സൗന്ദര്യശാസ്ത്രത്തിലാണ് ആവശ്യമായ മാറ്റം വരുത്തേണ്ടത്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കഥകളിയുടെ അകത്തളത്തിലേക്ക് ആനയിക്കണമെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: