മാഡ്രിഡ്: മാഡ്രിഡ് ഡര്‍ബിയില്‍ റയലിന് അടിതെറ്റി. ഇന്നലെ പുലര്‍ച്ചെ സമാപിച്ച പോരാട്ടത്തില്‍ അത്ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂപ്പര്‍താരങ്ങളടങ്ങിയ റയല്‍ മാഡ്രിഡിനെ കീഴടക്കിയത്. റയല്‍ മാഡ്രിഡിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബൂവില്‍ നടന്ന പോരാട്ടത്തില്‍ അത്ലറ്റികോയുടെ ബ്രസീലിയന്‍ താരം ഡീഗോ കോസ്റ്റ നേടിയ ഏക ഗോളാണ് വിജയം സമ്മാനിച്ചത്. ഈ സീസണില്‍ അത്ലറ്റികോയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്. ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരം ഗരെത്ത് ബെലെ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും അത്ലറ്റികോ പ്രതിരോധം തകര്‍ക്കാന്‍ റയലിന് കഴിഞ്ഞില്ല.
1999ന് ശേഷം ആദ്യമായാണ് ലാ ലിഗയില്‍ റയല്‍ അത്ലറ്റിക്കോ മാഡ്രിഡിനോട് തോല്‍ക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് കടുത്ത പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരെത് ബെയിലുമൊക്കെ തീര്‍ത്തും നിഷ്പ്രഭരായിപ്പോയി.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയും തുടര്‍ച്ചയായ ഏഴാം വിജയം കരസ്ഥമാക്കി. അല്മേറിയയെയാണ് ബാഴ്സ കീഴടക്കിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ വിജയം. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും 56-ാം മിനിറ്റില്‍ അഡ്രിയാനോയുമാണ് ബാഴ്സയുടെ ഗോളുകള്‍ നേടിയത്. എന്നാല്‍ ഗോളടിച്ച് അധികം കഴിയും മുന്നേ പരിക്കുമൂലം മെസ്സിയെ പിന്‍വലിച്ച് സാവിയെ ബാഴ്സ കളത്തിലിറക്കി. മറ്റൊരു സൂപ്പര്‍താരമായ നെയ്മറിന് ഇന്നലെ സൈഡ് ബെഞ്ചിലിരിക്കേണ്ടിവന്നു. ഈ ആഴ്ച ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെതിരായ മത്സരത്തില്‍ മെസി കളിക്കുന്ന കാര്യം സംശയമാണ്. അത്ലറ്റിക്കോയുടെ വിജയഗോള്‍ നേടിയതോടെ സ്പാനിഷ് ലീഗില്‍ ഗോള്‍വേട്ടയില്‍ ലയണല്‍മെസിക്ക് ഒപ്പം ഡീഗോ കോസ്റ്റ ഒന്നാമതാണ്. ഇരുവര്‍ക്കും എട്ടുഗോള്‍ വീതമായി.
മറ്റൊരു മത്സരത്തില്‍ വലന്‍സിയ 1-0ന് റയോ വല്ലകാനോയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ സോസിഡാഡ്-സെവിയ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റോടെ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണ്ക്ക് പിന്നില്‍ രണ്ടാമതാണ്. ഇരു ടീമുകള്‍ക്കും 21 പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബാഴ്സയാണ് ഒന്നാമത്. 16 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: