ടെഹ്റാന്: അമേരിക്കയുമായുള്ള സൗഹാര്‍ദ്ദത്തിന്റെ പേരില്‍ ഇന്നലെ പ്രതിഷേധിച്ച ജനക്കൂട്ടത്തില്‍നിന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൗഹാനിക്കെതിരേ ചെരുപ്പെറിഞ്ഞു. ടെഹ്റാനില്‍ ഒരു ഡസനിലേറെ പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രതിഷേധക്കാരില്‍ ഒരാള്‍ റൗഹാനിക്കു നേരേ ചെരുപ്പെറിഞ്ഞതായി സര്‍ക്കാര്‍ മാദ്ധ്യമമായ മെഹ്ര് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഇറാന് പ്രസിഡന്റ് റൗഹാനിയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണം ചരിത്രപരമായതെന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്തിരിക്കെയാണ് ഈ അപസ്വരങ്ങള്‍. ടെഹ്റാനില്‍ പ്രതിഷേധിച്ചവര്‍ അമേരിക്കക്കെതിരേയും മുദ്രാവാക്യം വിളിച്ചു. അവര്‍ റൗഹാനിയുടെ വാഹന വ്യൂഹം തടയാന്‍ ശ്രമിച്ചു. അതിനിടെയാണ് ചെരുപ്പേറുണ്ടായത്. അതൊരു പ്രതീകാത്മക പ്രതിഷേധമാണെന്നാണ് മെഹ്ര് ന്യൂസ് വിശകലനം ചെയ്യുന്നത്.
“ചെകുത്താനുമായുള്ള ചര്‍ച്ചകള്‍ വേണ്ട,” “അതു മാന്യതയല്ല” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി. അതേ സമയം ന്യൂയോര്‍ക്കില്‍നിന്നു മടങ്ങിയെത്തിയ റൗഹാനിയെ അനുകൂലികള്‍ ആഹ്ലാദിച്ചാശംസിച്ചു. യുദ്ധം വേണ്ട, സമാധാനം മതിയെന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി അവര്‍ നിരത്തില്‍ നിരന്നു.
മൂന്നു പതിറ്റാണ്ടു മുമ്പ് ആണവ പദ്ധതികളുടെ പേരില്‍ അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിപ്പിക്കാന്‍ റൗഹാനിക്ക് സ്വന്തം ജനതയുടെ പിന്തുണ നേടുക അത്ര എളുപ്പമല്ല. ഇപ്പോള്‍ റൗഹാനി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മതനേതാവ് അയത്തൊള്ളാ അലി ഖമേനിയുടെ പിന്തുണയുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ അതുകൊണ്ടും എതിരാളികളുടെ അമേരിക്കന്‍ വിരോധം കുറയ്ക്കാനാകുന്നില്ലെന്നതാണ് റൗഹാനിയുടെ ഏറ്റവും വലിയ തലവേദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: