ന്യൂദല്‍ഹി: ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് പരിഹാസ്യമാകുന്നു.
ഓര്‍ഡിനന്‍സ് കീറി വലിച്ചെറിയണമെന്ന രാഹുലിന്റെ അഭിപ്രായത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഒന്‍പത് വര്‍ഷത്തോളം തുടര്‍ന്ന മൗനത്തിന് ശേഷം രാഹുല്‍ സ്ഫോടനാത്മകമായ ഒരു പ്രസ്താവന നടത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുലിന്റെ ഉദയമായും അസ്തമമായും വിവിധ മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുന്നു. ഒടുവില്‍ രാജകുമാരന് യുദ്ധക്കളത്തിലിറങ്ങിയെന്ന് വിശേഷിപ്പിച്ചവര്‍ പോലുമുണ്ട്.
എന്നാല്‍ ഇത് വെറും തട്ടിപ്പും നിരന്തരം ആക്രമിക്കപ്പെട്ട് പരിക്ഷീണനായ ഒരുവന്റെ സ്വയം പ്രതിരോധവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗാന്ധി കുടുംബത്തിന്റെ പ്രതിഛായ പോലും പ്രയോജനപ്പെടുത്താനറിയാത്ത രാഹുലില്‍ നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടായാല്‍ അതില്‍ അതിശയിക്കേണ്ടതില്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തത മറവാക്കി ജീവിക്കുന്ന വ്യക്തി കൂടിയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഇപ്പോള്‍ അഴിമതിയും ജനവിരുദ്ധനയങ്ങളും വിലക്കയറ്റവും മൂലം കടുത്ത ജനരോഷം ഏറ്റുവാങ്ങുന്ന കോണ്‍ഗ്രസ് ഒരു ബലിയാടിനെ കണ്ടെത്തി പ്രതിഛായ അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ്.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് വിശദമായിതന്നെ ചര്‍ച്ച ചെയ്തിരുന്നു.
പിന്നീടാണിത് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. ഇതില്‍ നിന്നുതന്നെ ഇത്തരമൊരു ബില്ലിന് സോണിയയുടെയും രാഹുലിന്റെയും പിന്തുണ ലഭിച്ചിരുന്നു എന്നതും വ്യക്തമാണ്. നമ്പര്‍ 10 ജനപഥ് അറിയാതെ കോണ്‍ഗ്രസില്‍ ഒരില പോലും അനങ്ങില്ലെന്ന് ആര്‍ക്കാണറിയാത്തത്. ഇതിനിടയിലാണ് സുപ്രീംകോടതിയില്‍ നിന്ന് ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധിയുണ്ടാകുന്നത്.
കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഓര്ഡിനന്സിറക്കിയതിന്റെ പിന്നാലെയാണ് രാഹുലിന്റെ നാടകീയ രംഗപ്രവേശം. രാഹുലിന്റെ പ്രസ്താവനയുടെ ആദ്യ ഇരയാകുന്നത് സ്വന്തം പാര്‍ട്ടി എംപിയായ റഷീദ് മസൂദാണ്.മസൂദിന് പിന്നാലെ ഈ പട്ടികയില്‍ സഖ്യകക്ഷികളിലെ പ്രമുഖനായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ പലരും ചേര്‍ക്കപ്പെടും.
കോടതി നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്രമന്ത്രി പി.ചിദംബരം പോലും ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓര്‍ഡിനന്‍സ് എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ വരണമെന്നും രഷ്ട്രപതി തങ്ങള്‍ക്കനുകൂലമായി നിലപാടെടുക്കുമെന്നും കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാല്‍ ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും മുഖ്യപ്രതിപക്ഷമായ ബിജെപി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരിട്ട് കണ്ട് ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നും ഒപ്പ് വയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുത്ത ദിവസം തന്നെ രാഹുല്‍ പ്രസ്താവനയുമായി രംഗത്തെത്തി.
ദല്‍ഹി പ്രസ്സ്ക്ലബ് സംഘടിപ്പിച്ച അജയ് മാക്കന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ നാടകീയമായി എത്തിയാണ് രാഹുല്‍ അഭിപ്രായം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
പ്രസിഡന്റ് ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഇതില്‍പ്പരമൊരു തിരിച്ചടിയുണ്ടാകില്ല. ഇത് മുന്‍കൂട്ടിയറിഞ്ഞാണ് രാഹുല്‍ ഗാന്ധിയെ കളത്തിലിറക്കിയത്. ഓര്ഡിനന്്സ് റദ്ദാക്കിയാല്‍ അതിന്റെ എല്ലാ ക്രെഡിറ്റും രാഹുലിന് കിട്ടുകയും ചെയ്യും.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനിറങ്ങിയ യുവനേതാവെന്ന പ്രതിഛായ രാഹുലിന് സ്വന്തമാകുകയും ചെയ്യും.എന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം നന്നായറിയുന്നവരുടെ മുന്നില്‍ ഈ പദ്ധതി പാളിപ്പോയി എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: