കൊച്ചി: എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 1 മുതല്‍ നാലുവരെ നടക്കുന്ന സാവിത്രീവ്രതയജ്ഞത്തിന്റെ നിര്ജ്ജയ ചടങ്ങ് നടത്തി. യജ്ഞത്തിന്റെ പരിപൂര്‍ണ വിജയത്തിനായി ദേവിയെ മാതൃരൂപത്തില്‍ പൂജിച്ച് ആദരിക്കുന്നതാണ് നിര്ജ്ജയ ചടങ്ങ്.
പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്തിനുവേണ്ടി സമംഗളം യജ്ഞപൂര്ത്തീകരണത്തിനായി പ്രകൃതിമാതാവിനെ പൂജിക്കുക എന്ന സങ്കല്പം ഈ ചടങ്ങിലുണ്ട്. നിര്ജ്ജയ ചടങ്ങില്‍ പഞ്ചമാതൃക്കളുടെ പാദപൂജ ചെയ്ത് വസ്ത്ര, ഫല, താംബൂല സഹിതം ദാനംചെയ്ത് സര്‍വ പാപങ്ങളും തീര്‍ത്ത് അനുഗ്രഹിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു.
ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം നല്കി. പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ മുരളീനാരായണന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഭാരവാഹികളായ രമേശ് മാങ്കായില്‍, ജയന് മാങ്കായില്‍, പി. രാമചന്ദ്രന്, ആലപ്പാട്ട് മുരളീധരന്, സി.ജി. രാജഗോപാല്‍, കെ. ജനാര്ദ്ദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
സാവിത്രീവ്രത യജ്ഞത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5 ന് യജ്ഞപ്രസാദമായി നല്കുന്ന ഫലവൃക്ഷത്തൈകളെ ഓഷധികളുടെ അധിദേവതയായ സോമനെ സങ്കല്‍പ്പിച്ച് വൃക്ഷ പൂജ ചെയ്യും. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം തന്ത്രി മനയത്താറ്റ് ആര്യന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനാവും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ബി.എസ്. കൊറിയാ, ഡോ. എന്‍.സി. ഇന്ദുചൂഡന് (അഹാഡസ്) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: