റാഞ്ചി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെ തകത്ത ടൈറ്റന്‍സ് ഗംഭീര വിജയം സ്വന്തമാക്കി.
എട്ട് വിക്കറ്റിനാണ് ടൈറ്റന്‍സ് ഇന്ത്യന്‍ ടീമായ സണ്‍റൈസേഴ്സിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് 16.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്താണ് തകര്‍പ്പന്‍ വിജയം ഏറ്റുവാങ്ങിയത്. ടൈറ്റന്‍സിന്റെ രണ്ടാം വിജയമാണിത്. 64 റണ്‍സെടുത്ത ഹെന്റി ഡേവിഡ്സും 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റുഡോള്ഫുമാണ് ടൈറ്റന്‍സിന്റെ വിജയശില്പികള്. ഡേവിഡ്സാണ് മാന്‍ ഓഫ് ദി മാച്ച്. സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും സണ്‍റൈസേഴ്സ് പരാജയപ്പെട്ടിരുന്നു.
നേരത്തെ ടോസ് നേടിയ ടൈറ്റന്‍സ് സണ്‍റൈസേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കത്തിനുശേഷം അപ്രതീക്ഷിതമായി സണ്‍റൈസേഴ്സ് തകര്‍ന്നടിയുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ പാര്‍ത്ഥിവ് പട്ടേലും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ചേര്‍ന്ന് 6.3 ഓവറില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ധവാനെ മടക്കി വീസാണ് ടൈറ്റന്‍സിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് സ്കോര്‍ 71-ല്‍ എത്തിയപ്പോള്‍ പാര്‍ത്ഥിവ് പട്ടേലും മടങ്ങി. 26 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലിനെ വീസ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് സ്കോര്‍ 83-ല്‍ എത്തിയപ്പോള്‍ ആറ് റണ്‍സെടുത്ത ഹനുമന്‍ വിഹാരിയും 86-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ സാമന്തറായിയും മടങ്ങി. അധികം വൈകാതെ 17 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും ഒരു റണ്‍സെടുത്ത ഡാരന്‍ സമിയും 11 റണ്‍സെടുത്ത തീസര പെരേരയും കൂടാരം കയറിയതോടെ സണ്‍റൈസേഴ്സ് 7ന് 112 എന്ന നിലയിലായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ല് സ്റ്റെയിനാണ് സണ്‍റൈസേഴ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 12 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം സ്റ്റെയിന് 27 റണ്‍സും 6 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത കരണ്‍ ശര്‍മ്മയും പുറത്താകാതെ നിന്നു. ടൈറ്റന്‍സിന് വേണ്ടി വീസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് വേണ്ടി ഓപ്പണര്‍മാരായ റുഡോള്‍ഫും ഡേവിഡ്സും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. 12.1 ഓവറില്‍ സ്കോര്‍ 112-ല്‍ എത്തിയശേഷമാണ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 42 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും നാല് സിക്സറുമടക്കം 64 റണ്‍സെടുത്ത ഡേവിഡ്സിനെ സ്റ്റെയിന്റെ പന്തില്‍ സമി പിടികൂടി. തുടര്‍ന്നെത്തിയ എ.ബി. ഡിവില്ലിയേഴ്സ് 9 റണ്‍സെടുത്ത് ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ തീസര പെരേരക്ക് ക്യാച്ച് നല്കി മടങ്ങിയെങ്കിലും ഹെയ്നോയെ കൂട്ടുപിടിച്ച് റുഡോള്‍ഫ് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: