കൊല്ലം: കൊല്ലം, ആലപ്പുഴ ജില്ലകളിലെ കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം അപര്യാപ്തമാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. രണ്ട് ജില്ലകളിലെ തീരപ്രദേശങ്ങള്‍ കരിമണല്കടത്തില് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഒരു ഉന്നതതല പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണം. കേരളത്തിന്റെ സമഗ്രവികസനത്തിന് കുതിപ്പേകാന്‍ ഉതകുന്ന കരിമണല്‍ ശേഖരം വര്‍ഷങ്ങളായി തമിഴ്നാട്ടിലേയ്ക്ക് കടത്തുകയാണെന്നും ഇതിന് കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ട്രേഡ്യൂണിയന്‍ നേതാക്കളുമുള്‍പ്പെടെയുള്ള വന്‍ലോബി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് ആരോപിച്ചു. ഖജനാവിലേയ്ക്ക് 20,000 കോടി രൂപയുടെ വരുമാനം തരേണ്ട അമൂല്യസ്വത്താണ് തുച്ഛമായ വിലയ്ക്ക് തമിഴ്നാട്ടിലേക്ക് കടത്തുന്നത്.
തൂത്തുക്കുടിയിലെ വി വി മിനറല്‍സ് എന്ന കമ്പനിയിലേക്കാണ് കരിമണലിന്റെ ഭൂരിഭാഗവും പോകുന്നത്. ഈ കമ്പനിയുമായി കേരളത്തിലെ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. രണ്ട് സംസ്ഥാനങ്ങളിലും രണ്ട് ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ലോബിയെ തകര്‍ത്ത് കരിമണല്‍ കടത്ത് ഇല്ലാതാക്കണമെങ്കില്‍ സമഗ്രമായ ഒരു അന്വേഷണം തന്നെ വേണ്ടിവരും. ഇക്കാര്യം ആവശ്യപ്പെട്ട് വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കിയതായും ചീഫ് വിപ്പ് അറിയിച്ചു. ഈ ലോബിക്ക് കോടതികളില്‍ പോലും സ്വാധീനം ചെലുത്താനാവുന്നുണ്ടെന്ന് ജോര്‍ജ് പറഞ്ഞു.
കരിമണല്‍ കടത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കരിമണല്‍ മേഖലയിലെ കരാര്‍ പ്രവൃത്തികള്‍ അവസാനിപ്പിക്കണം. തീരമേഖലകളിലെ ചെക്ക്പോസ്റ്റുകള്‍ ശക്തിപ്പെടുത്തിയാല്‍ തന്നെ വലിയൊരളവില്‍ കടത്ത് തടയാനാകും. ഖാനനം സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയാണ് കടത്തിന് പിന്നിലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരസ്കരിക്കാനുള്ള മെക്കാനിസം കൂടി ഉള്പ്പെടുത്തണമെന്നുള്ള സുപ്രീംകോടതി ഫുള്‍ബഞ്ചിന്റെ വിധി ജുഡീഷ്യല്‍ ആക്ടിവിസമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമനിര്‍മ്മാണത്തിനുള്ള അവകാശം നിയമനിര്‍മ്മാണസഭകള്‍ക്കാണ്. പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണം കൂടി സുപ്രീംകോടതി ഏറ്റെടുത്താല്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യകത തന്നെ ഇല്ലാതാകും. ഇത് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യേണ്ട പ്രശ്നമാണ്. എന്നാല്‍ വിധിയെ താന്‍ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ തള്ളിക്കളയുന്ന രീതി വന്നാല്‍ നാട് രക്ഷപെടും. പിന്നെ പഞ്ചായത്ത് മെമ്പറും എംഎല്‍എയും എംപിയുമൊന്നുമില്ലാത്ത അവസ്ഥയായിരിക്കും രാജ്യത്തെന്നും ജോര്‍ജ് പറഞ്ഞു.
ഡേറ്റാ സെന്റര്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കാബിനറ്റ് നോട്ട് മന്ത്രിസഭയിലെ ഉന്നതന് ദല്ലാള്‍ നന്ദകുമാറിന് ചോര്‍ത്തി നല്‍കിയെന്ന് ജോര്‍ജ് ആരോപിച്ചു. കാബിനറ്റ് നോട്ടില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് മന്ത്രിസഭ അറിഞ്ഞാണോ എന്നും ജഡ്ജി ആരാഞ്ഞു. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത് പ്രതിപക്ഷ നേതാവും ദല്ലാള്‍ നന്ദകുമാറുമാണ്. കാബിനറ്റ് നോട്ട് രഹസ്യമാണെന്നിരിക്കെ ഇതിന്റെ വിശദാംശങ്ങളറിഞ്ഞ രീതിയിലായിരുന്നു ജഡ്ജിയുടെ നടപടികള്‍. സിബിഐ അന്വേഷണത്തിന് കാബിനറ്റ് തീരുമാനമുണ്ടായിരിക്കെ അന്വേഷണം വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചത് കാബിനറ്റ് നോട്ടിലെ പഴുതുകള്‍ ഉപയോഗിച്ചാണ്. ഇത് ചോര്‍ത്തി നല്‍കിയത് മന്ത്രിസഭയിലെ പ്രമുഖനാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: