ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ്. വെള്ളിയാഴ്ച വൈകിട്ടും രാത്രിയിലുമായിട്ടാണ് അതിര്‍ത്തി പ്രദേശമായ രജൗരി ജില്ലയിലും പൂഞ്ചിലും പാക് സൈന്യം വെടിവെയ്പ് നടത്തിയത്. വൈകിട്ട് 4.45 ഓടെ രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ബിമര്‍ ഗലി സെക്ടറിലായിരുന്നു പാക് സൈന്യത്തിന്റെ ആദ്യ പ്രകോപനം.
ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തിയതോടെ വെടിവെയ്പ് രാത്രി 7.30 വരെ നീണ്ടു. ഇതിനു ശേഷം രാത്രി 10.30 ഓടെയായിരുന്നു പൂഞ്ചിലെ നിയന്ത്രണ രേഖാപ്രദേശങ്ങിലും പാക് സൈന്യം വെടിവെയ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. രാത്രി വൈകിയും വെടിവെയ്പ് തുടര്‍ന്നതായാണ് സൈന്യം നല്കുന്ന വിവരം. ഈ മാസം ഇത് മുപ്പതാം തവണയാണ് പാക് സൈന്യം നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഞായറാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പാക് സൈന്യത്തിന്റെ പ്രകോപനം. ഷെരീഫുമായുള്ള കൂടിക്കാഴ്ചയില്‍ മന്മോഹന് സിംഗ് അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിവെയ്പ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്നാണ് വിവരം.
പാക് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരരുടെ ആക്രണത്തില്‍ ആറു സൈനികരടക്കം പത്തുപേര്‍ രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ നാളെ നടക്കാനിരിക്കുന്ന ചര്‍ച്ച ഉപേക്ഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും സമാധാന ചര്‍ച്ച തുടരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിരുന്നു. ഈ നിലപാട് രാജ്യാന്തരതലത്തില്‍തന്നെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു സൈന്യത്തിന്റെ വക പ്രകോപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: