യു.എന്‍: സിറിയയിലെ രാസായുധ ശേഖരം നശിപ്പിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചു. അമേരിക്കയും റഷ്യയും അംഗീകരിച്ച കരട് പ്രമേയത്തിന് പതിനഞ്ച് അംഗരാജ്യങ്ങളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2014 മധ്യത്തോടെ സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാനുള്ള പദ്ധതിക്ക് അന്താരാഷ്ട്ര രാസായുധ നിരോധന ഏജന്‍സി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്.
ഐക്യകണ്ഠേനയാണ് രക്ഷാസമിതി പ്രമേയം അംഗീകരിച്ചത്. സിറിയിലെ രാസായുധ പ്രയോഗത്തേയും പ്രമേയം അപലപിച്ചു. പ്രമേയം ചരിത്രപ്രധാന്യമുള്ളതാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. കാലതാമസം വരുത്താതെ, വിശ്വസ്തതയോടെ പ്രമേയം നടപ്പാക്കാന്‍ സിറിയ തയ്യാറാകണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. സുശക്തമായ നയതന്ത്ര ഇടപെടല്‍ സാധ്യമായെന്നാണ് പ്രമേയം തെളിയിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
രാസായുധങ്ങള്‍ നശിപ്പിക്കാനുള്ള നടപടികള്‍ നവംബറോടെ ആരംഭിക്കുമെന്നും അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകുമെന്നും ജോണ്‍ കെറി പറഞ്ഞു. സിറിയന്‍ പ്രതിസന്ധിയുടെ എല്ലാ വശങ്ങളും ഉള്കൊണ്ടതാണ് പ്രമേയമെന്ന് സിറിയയിലെ യുഎന്‍ പ്രതിനിധി ബാഷര്‍ ജാഫറി പ്രതികരിച്ചു. സിറിയയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ യുഎന്നില്‍ കൊണ്ടുവന്ന പ്രമേയം നേരത്തെ റഷ്യയും ചൈനയും എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: