പള്ളുരുത്തി: മന്ത്രകോടിയുടുത്ത് അണിഞ്ഞൊരുങ്ങിനിന്ന ഓസ്ട്രേലിയന്‍ സുന്ദരി ഒരു വിദേശിയാണെന്ന് പറയാന്‍ കണ്ടുനിന്നവര്‍ക്ക് മടി. 24 വയസ്സുള്ള ഓസ്ട്രേലിയക്കാരി മിഷലാണ് കേരളീയ മന്ത്രകോടിയണിഞ്ഞ് നെറ്റിയില്‍ സിന്ദൂരം തൊട്ട് ശരിക്കും ഒരു മലയാളി വധുവായി അണിഞ്ഞൊരുങ്ങിയത്.
പള്ളുരുത്തി, ഇടക്കൊച്ചി സ്വദേശി സന്ദീപാണ് മിഷലിനെ ഹിന്ദു ആചാരപ്രകാരം മിന്നുചാര്‍ത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സന്ദീപ് ഓസ്ട്രേലിയയിലെ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ കോളേജില്‍ ബിസിനസ് മാനേജ്മെന്റ് പഠനത്തിന് എത്തുന്നത്. ഇതേ കോളേജില്‍ ജൂനിയറായ മിഷലിനെ പരിചയപ്പെട്ടു. പരിചയം പിന്നീട് പ്രണയത്തിലേക്ക് കടന്നു. മിഷലിന്റെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയത്തില്‍ ആദ്യം എതിരായിരുന്നുവെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു.
സന്ദീപിന്റെ വീട്ടുകാരുമായി മിഷലിന്റെ വീട്ടുകാര്‍ ആലോചനകള്‍ നടത്തി. വിവാഹം കേരളത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഹിന്ദു ആചാരപ്രകാരം മുഹൂര്‍ത്തവും മറ്റും നിശ്ചയിച്ചു. ഇടക്കൊച്ചി ജ്ഞാനോദയം മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി ത്രിപുരേന്ദ്രന് വിവാഹച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. മിഷലിന്റെ മാതാപിതാക്കളായ മൈക്കിള്‍, ലില്ലി എന്നിവരോടൊപ്പം അമ്പതോളം വരുന്ന വിദേശ സംഘവും കൊച്ചിയിലെത്തിയിരുന്നു.
നോര്‍വെ, ഇംഗ്ലണ്ട് തുടങ്ങിയിടങ്ങളില്‍നിന്നുള്ള മിഷലിന്റെ കുടുംബ സുഹൃത്തുക്കളും എത്തിയിരുന്നു. ഇടക്കൊച്ചി തടിയന് കടവില്‍ സ്റ്റാലിന്-സുഗന്ധി ദമ്പതികളുടെ മകനാണ് സന്ദീപ്. തൃപ്പൂണിത്തുറ ക്ലാസിക് ഫോര്‍ട്ട് ഹോട്ടലിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: