ന്യൂദല്‍ഹി: ഒരു പതിറ്റാണ്ടിന് ശേഷം സാംബയിലെ ഇന്ത്യന്‍ സൈന്യത്തെ ഭീകരര്‍ ആക്രമിച്ചത് രാജ്യാന്തര അതിര്‍ത്തി ലംഘിച്ചാണെന്നും അത് ഗൗരവകരമായ പ്രകോപനം ഉണ്ടാക്കാനാണെന്നും വ്യക്തമായി. യൂണിറ്റ് ഓഫീസര്‍മാരുടെ കുടുംബാംഗങ്ങള്‍ മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയായിരുന്നു. ഭീകരര്‍ക്ക് ലഭിച്ച കൃത്യമായ പരിശീലനവും രഹസ്യവിവരങ്ങളും പുറകില്‍ ഒരു സൈനിക ശക്തിയുണ്ടെന്നതിന് തെളിവാണ്. ഓഫീസേഴ്സ് മെസ്സിലുണ്ടായിരുന്ന നിരവധി ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെയും അവര്‍ ലക്ഷ്യമിട്ടിരുന്നു. പ്രത്യേകിച്ചും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ ബിക്രംജിത് സിംഗിന്റെ ഭാര്യയെ.
ഭീകരര്‍ കൃത്യമായും 16 കാവല്‍റി യൂണിറ്റിനെ ലക്ഷ്യമിട്ടാണ് എത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. കാരണം പ്രദേശത്തെ മറ്റേതൊരു സൈനിക യൂണിറ്റിനെക്കാളും കൂടുതല്‍ കരുത്തും ആക്രമണ സ്വഭാവവും പ്രകടിപ്പിക്കുന്ന യൂണിറ്റാണിത്. കത്വാ പോലീസ് സ്റ്റേഷന് ആക്രമിച്ച ശേഷം മെസ്സിലേക്ക് പോകുന്ന സാംബ സൈനിക യൂണിറ്റിന്റെ അടഞ്ഞ ഗേറ്റ് ലക്ഷ്യമാക്കി ഭീകരര്‍ കുതിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് ഒരു സൈനിക ക്യാമ്പും ഭീകരര്‍ ആക്രമിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ സുരക്ഷ കുറവായിരുന്നു. ഒരേ ഒരു കാവല്ക്കാരന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സൈനികനെ വെടിവച്ചു വീഴ്ത്തിയ ഭീകരര്‍ മതില് ചാടിക്കടന്ന് മെസ്സിന്റെ അടുക്കള ഭാഗത്തേക്ക് പ്രവേശിച്ച് ആയുധധാരിയല്ലാതിരുന്ന ഒരു സഹായിയെയും കൊലപ്പെടുത്തി. രാവിലെ 7.30ന് ഭാര്യയോടും എട്ടുവയസ്സുള്ള മകളോടും ഒപ്പം മെസ്സിലേക്ക് വന്ന ലെഫ്റ്റനന്റ് കേണല്‍ സിംഗിന്റെ വയറ്റിലേക്ക് ഭീകരര്‍ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. നിരായുധനായിരുന്ന സൈനിക ഉദ്യോഗസ്ഥന് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭാര്യയുടെ ഏതാനും മീറ്റര്‍ അപ്പുറത്ത് വെടിയേറ്റുവീണ് മരിച്ചു. ഇവരുടെ മകള്‍ ഏതാനും നിമിഷം മുമ്പ് സ്കൂളിലേക്ക് പോയതിനാല്‍ ദാരുണമായ ആ കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വന്നില്ല.
മതവചനങ്ങള്‍ ഉറക്കെ ആക്രോശിച്ചു കൊണ്ട് ആക്രമണകാരികള്‍ മെസ്സിന്റെ മുകള്‍ നിലയിലേക്ക് ഓടിക്കയറി. അവിടെയെത്തിയ ഭീകരര്‍ ഓഫീസര്‍മാരുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന മുറികള്‍ക്കുള്ളിലേക്ക് തള്ളിക്കയറിയെന്ന് അധികൃതര്‍ പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ പ്രദേശത്തുണ്ടായിരുന്ന സിഖ്, ആസാം റെജിമെന്റുകളിലെ രണ്ട് ഇന്‍ഫന്‍ട്രി യൂണിറ്റുകളുടെ ദ്രുതകര്‍മ സേന അവിടം വളഞ്ഞു. 9-ാം പാരാ കമാന്റോകളുടെ ട്രൂപ്പിനെക്കൂടി വിളിച്ചുവരുത്തി.
കാശ്മീര്‍ താഴ്വര അശാന്തമാണെന്ന് വരുത്താനായിട്ടാണ് ഈ അപ്രതീക്ഷിത ആക്രമണമെന്ന് വ്യക്തമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് ജമ്മു മേഖലയിലെ സൈനികത്താവളത്തിന് നേരെ ഇത്രയും വലിയൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. ദക്ഷിണ കാശ്മീരിന് പുറത്ത് പത്താന്‍കോട്ട് വരെയുള്ള മുഴുവന്‍ ജമ്മു മേഖലയിലും ഭീകരാക്രമണം വര്‍ധിപ്പിക്കാനുള്ള പദ്ധതിയായിരുന്ന ഇതെന്ന് ലഭ്യമായ വിവരം സൂചിപ്പിക്കുന്നതായി സൈനികവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് പീര്‍ പഞ്ജാള്‍ മേഖലയുടെ ദക്ഷിണഭാഗത്ത് നുഴഞ്ഞു കയറ്റ ശ്രമം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ സുരാന്‍കോട്ട്, മെന്തര്‍ സെക്ടറില്‍ രണ്ട് പ്രധാന നുഴഞ്ഞു കയറ്റം നടന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: