പുനലൂര്‍: അയല്‍വാസികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയശേഷം യുവതി മുങ്ങിയതായി പരാതി.
അയല്‍വാസികളില്‍ നിന്ന് ചിട്ടി ഇടപാടുകള്‍ നടത്തി പണംകൊണ്ട് മുങ്ങിയതായാണ് പരാതി ഉയരുന്നത്. ചാലക്കോട് സ്വദേശിനിയായ യുവതിക്കെതിരെയാണ് പരാതി. 15 ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തിട്ടുള്ളത്. ചിലരുടെ സ്വര്‍ണവും വാങ്ങിയിട്ടുള്ളതായി പരാതിയുയര്‍ന്നിട്ടുണ്ട്. യുവതിയെ അന്വേഷിച്ച് വീട്ടിലെത്തിയവര്‍ക്ക് അറിയാന്‍ കഴിഞ്ഞത് സ്ഥലത്തില്ലെന്നാണ്. തട്ടിപ്പിനിരകളായവര്‍ പുനലൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പത്തേക്കര്‍ സ്വദേശിനികളായ സൈനബാ, നബീസത്ത് എന്നിവര്‍ക്ക് യുവതി എണ്‍പതിനായിരം രൂപ നല്‍കാനുണ്ട്. ഇവര്‍ പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
യുവതിയുടെ പേരിലുള്ള ചെമ്മന്തൂരിലെ വീട് രഹസ്യമായി വില്ക്കാന് ശ്രമം നടന്നുവരികയാണ്. ഈ വിവരമറിഞ്ഞ് പരാതിക്കാര്‍ പുനലൂര്‍ സബ് രജിസ്റ്റാര്‍ ഓഫീസിലെത്തിയും പരാതി നല്കി. 25 ദിവസമായി സൈനബയും നബീസത്തും സബ് രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍ കുടുംബത്തോടെയെത്തി പണം തട്ടിയെടുത്ത യുവതിയെ കാത്തുകഴിയുകയാണ്. രജിസ്ട്രേഷന് തടസമായി നില്ക്കുന്ന പരാതിക്കാര്‍ക്ക് അഭിഭാഷകരും പിന്തുണ നല്‍കുന്നുണ്ട്.
പണം തട്ടിയെടുത്ത യുവതിക്കെതിരെ കേസെടുക്കാതിരിക്കാന്‍ സമ്മര്‍ദ്ദവും നടക്കുന്നുണ്ട്. അസുഖം നടിച്ചും അമിതപലിശ വാഗ്ദാനം ചെയ്തും ലക്ഷങ്ങള്‍ തട്ടിയ യുവതിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: