തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി നരേന്ദ്രമോദി. ഇന്നലെ രാവിലെ 6.40നാണ് അദ്ദേഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. ചുവന്ന ഉത്തരീയം ധരിച്ച് ദര്‍ശനത്തിനെത്തിയ മോദിയെ ക്ഷേത്രഅധികൃതര്‍ സ്വീകരിച്ചു. ശ്രീപദ്മനാഭസ്വാമിക്കും നരസിംഹമൂര്‍ത്തിക്കും അദ്ദേഹം തുളസിമാലയും നരസിംഹമൂര്‍ത്തിക്ക് നെയ്വിളക്കും സമര്‍പ്പിച്ചു. ബിജെപി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍, ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.സതീശ്, വൈസ്പ്രസിഡന്റ് ബന്ദാരുദത്താത്രേയ, ദേശീയ സെക്രട്ടറി പി.കെ.കുഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, ജെ.ആര്.പദ്മകുമാര്‍, വക്താവ് വി.വി.രാജേഷ് എന്നിവര്‍ നരേന്ദ്രമോദിക്കൊപ്പമുണ്ടായിരുന്നു.
20 മിനുട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച മോദി ദര്‍ശനത്തിനുശേഷം ക്ഷേത്രം നടന്നു കണ്ടു. ക്ഷേത്ര അധികൃതര്‍ അദ്ദേഹത്തിന് ശ്രീപദ്മനാഭന്റെ ചിത്രവും ക്ഷേത്ര ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥവും നല്‍കിയാണ് യാത്രയാക്കിയത്. ക്ഷേത്ര സന്ദര്‍ശക ഡയറിയില്‍ ഗുജറാത്തി ഭാഷയില്‍ നരേന്ദ്രമോദി ആശംസയെഴുതുകയും ചെയ്തു. 8.15 ഓടെ തിരുവിതാംകൂറിന്റെ ചരിത്രവും വികസനവും തുടിക്കുന്ന കവടിയാര്‍ കൊട്ടാരത്തിലെത്തിയ നരേന്ദ്രമോദിയെ രാജകുടുംബാംഗങ്ങള്‍ സ്വീകരിച്ചു. കൊട്ടാരത്തിനുള്ളിലേക്കുള്ള പടിക്കെട്ടില്‍ പൂച്ചെണ്ട് നല്‍കിയായിരുന്നു വരവേല്പ്. ഉത്രാടം തിരുന്നാള്‍ മാര്ത്താണ്ഡവര്മ്മയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മോദിയെ പട്ടുതലപ്പാവ് ധരിപ്പിക്കുകയും ഷാള്‍ അണിയിക്കുകയും ചെയ്തു. തിരുവിതാംകൂറിന്റെയും പദ്മനാഭസ്വാമിക്ഷേത്രത്തിന്റെയും ചരിത്രത്തെക്കുറിച്ചായിരുന്നു സംഭാഷണം.
ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ എന്ന പുസ്തകവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിന്റെയും കൊടിമരത്തിന്റെയും ചിത്രങ്ങളും മഹാഭാരതയുദ്ധം ചിത്രീകരിച്ചിരിക്കുന്നതും മോദിക്ക് സമ്മാനമായി കൊട്ടാരത്തില്‍ നിന്ന് നല്കി. രാജകുടുംബാംഗങ്ങള്‍ നരേന്ദ്രമോദിക്ക് എല്ലാ വിജയാശംസകളും അനുഗ്രഹവും നല്‍കിയാണ് യാത്രയാക്കിയത്. കൊട്ടാരത്തില്‍ ഗുരുവായൂര്‍ ഭാഗവത വിശ്വകീര്‍ത്തി മഹാസമ്മേളന ഭാരവാഹികളായ ഡോ.അശോക്, ഡോ.അജയകുമാര്‍, ബിജുരമേശ് തുടങ്ങിയവര്‍ മോദിയെ സന്ദര്‍ശിക്കുകയും ഡിസംബറില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: