കോട്ടയം: ഭരണ രംഗത്ത് കറുത്തശക്തികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായി കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവ് വി.എം. സുധീരന്. കേരളാ പത്രപ്രവര്ത്തകയൂണിയന് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്. ക്രിമിനല്‍ പാശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആയോഗ്യത കല്‍പ്പിച്ച കോടതിവിധിക്കെതിരെ തിരക്ക് പിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയ നടപടി ശരിയായില്ല. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തശേഷം മാത്രമായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കോടതി ഉത്തരവിന്റെ ന്യായന്യായങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഫയാസിന്റെ വിഷയത്തില്‍ ആരെയും കുറ്റക്കാരായി ചിത്രീകരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് പറഞ്ഞ സുധീരന്, ഭരണം നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നതായാണ് അടുത്തകാലത്ത് ഉയര്‍ന്ന് വന്നിട്ടുള്ള സംഭവങ്ങള്‍ ചൂണ്ടികാണിക്കുന്നതെന്നും പറഞ്ഞു.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടുന്ന ചാലകശക്തിയായി മാറാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം സി.എം.എസ് കോളജ് സെമിനാര്ഹാളില് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അഴിമതിയും വര്‍ഗീയതയും ഡെമോക്രസിയെ മാഫിയാക്രസിയായി മാറ്റിക്കൊണ്ടിരിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിയമനിര്‍മാണ സഭകള്‍ ജനങ്ങളോട് എത്ര നീതിപുലര്‍ത്തുന്നുവെന്ന് നാം ചിന്തിക്കണം. ഇന്ന് പാര്‍ലമെന്റ് സമ്മേളിക്കുന്നത് വാര്‍ത്തയാണ്. പാര്ലമെന്റ്സ്തംഭനം വാര്‍ത്തയല്ലാതായിരിക്കുന്നു. ജനങ്ങളാല്‍ അര്‍പ്പിതമായ ചുമതല നിര്‍വഹിക്കുന്നതില്‍ ജനപ്രതിനിധികള്‍ പരാജയപ്പെടുകയാണോ എന്ന ആശങ്ക പൊതുവെ ഉയരുന്നുണ്ട്.
ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നിയമ നിര്‍മാണ സഭകളില്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല. കേരള നിയമസഭയുടെ കഴിഞ്ഞ സമ്മേളനം പിരിയും മുമ്പ് ബില്ലുകള്‍ കൂട്ടത്തോടെ പാസാക്കിയത് സുധീരന് ചൂണ്ടികാട്ടി. നിയമനിര്‍മാണ സഭകള്‍ ഉത്തരവാദിത്വത്തില്‍ നിന്നും പിന്നാക്കം പോകുമ്പോള്‍ അത് ഏറ്റെടുത്ത് നിര്‍വഹിക്കുന്നത് മാധ്യമങ്ങളാണ്. പത്രങ്ങള്‍ പാര്‍ലമെന്റിന്റെ ഉപഘടകമാണെന്നാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അഭിപ്രായപ്പെട്ടത്. എന്നാല്‍ മാധ്യമങ്ങളാണ് യഥാര്‍ഥ പാര്‍ലമെന്റ് എന്നതാണ് വര്‍ത്തമാന യാഥാര്‍ഥ്യം എന്നും അദ്ദേഹം പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍പോള്‍ മുഖ്യപ്രഭാഷണം നടത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: