ന്യൂദല്‍ഹി: മുസാഫര്‍ നഗര്‍ കലാപം സംബന്ധിച്ച് പോലീസുദ്യോഗസ്ഥരുടെ രഹസ്യവെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സുപ്രീംകോടതി യുപി സര്‍ക്കാരിന് നോട്ടീസയച്ചു. കലാപത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. മുസാഫര്‍ നഗര്‍ കലാപത്തില്‍ ഏതാണ്ട് 50 പേര് മരിക്കുകയും 40,000 പേര് വീട് വിട്ട് പലായനം ചെയ്യുകയും ചെയ്തിരുന്നു.
കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലീസ് നടപടി ഉണ്ടായില്ലെന്നും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലീസ് അക്രമം തടയാന്‍ ശ്രമിച്ചില്ലെന്നുമുള്ള വിവരങ്ങളാണ് രഹസ്യ ക്യാമറ ചിത്രീകരണത്തിലൂടെ ശേഖരിച്ച് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ദൃശ്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരമോന്നത കോടതി സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. മുസാഫര്‍ നഗര്‍ കലാപക്കേസുകളിലെ പോലീസ് അന്വേഷണവും കലാപത്തിന് ഇരയായവരുടെ പുനരധിവാസവും നഷ്ടപരിഹാരം നല്‍കുന്നതും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യുപി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് കോടതിക്ക് ധാരണയുണ്ടെന്നും ആവശ്യമെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാത്രമല്ല അലഹാബാദ് ഹൈക്കോടതി പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിയും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
റിട്ട് പരാതി ഇവിടെ അവസാനിപ്പിക്കുകയല്ല. ഇതിന്റെ അവസാനം വരെ അന്വേഷണ പുരോഗതി കോടതി സൂക്ഷ്മമായി നിരീക്ഷിക്കും. അവസാന വിധി പുറപ്പെടുവിക്കുകയല്ല ഇപ്പോള്‍ ചെയ്യുന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ രഞ്ജന പ്രകാശ് ദേശായി, രഞ്ജന്‍ ഗോഗോയ് എന്നിവരും അടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു.
അതേസമയം കേസ് പരിഗണിച്ച വേളയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹായവും നല്കാന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: