അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് 50,000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന മഴ ശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
നദികളിലേയും ഡാമുകളിലേയും വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സേന അടിയന്തരനടപടികള്‍ എടുത്തിട്ടുണ്ട്. ബറൂച്ചി പട്ടണത്തിലും ജില്ലയിലെ വിവിധഭാഗങ്ങളിലുമുള്ള 16,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ബറൂച്ചി ജില്ലാ കളക്ടര്‍ അവന്തിക സിംഗ് പറഞ്ഞു.
തപി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സൂററ്റിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലുമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അവര്‍ക്ക് വേണ്ട ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയതായും സൂററ്റ് ജില്ലാ കളക്ടര്‍ ജെ.ശിവ്ഹരെ പറഞ്ഞു. ശക്തമായ മഴയെത്തുടര്‍ന്ന് സൂററ്റ് പട്ടണ പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചെന്നും അദ്ദേഹം പറഞ്ഞു.
ബറൂച്ച് ജില്ലയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചതായും അഹമ്മദാബാദിലെ നരോദയില്‍ ഒരാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായും അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാതായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഖേഡാ ജില്ലയിലെ ഗാഡ്വെല് ഗ്രാമത്തില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ഇവരുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മഴയെത്തുടര്‍ന്ന് പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വഡോദര ഭാഗത്ത് ട്രാക്കില്‍ വെള്ളം നിറഞ്ഞതിനാല്‍ മുംബൈ-അഹമ്മദാബാദ് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് 18 ട്രെയിനുകളുടെ ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.
അതേസമയം, മഴ രൂക്ഷമായി ബാധിച്ച വഡോദര പ്രദേശത്തെ കര്ജന്, പാദ്ര തുടങ്ങിയ പത്ത് ഗ്രാമങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ബോട്ടുകളിലും മറ്റുമായി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും വഡോദര കളക്ടര്‍ വിനോദ് റാവു പറഞ്ഞു.
പരശുറാം, ഭാട്ട, സയാജിഗുഞ്ച്, സഞ്ജയ് നഗര്‍, രവിനഗര്‍, മഹാരാജ്നഗര്‍, കലാലി, കരേലിബാഗ്, സാമ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും 3,900ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി വഡോദരയിലെ ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നീരിക്ഷകരുടെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: