ജയ്പൂര്‍: ദക്ഷിണാഫ്രിക്കന്‍ സിംഹങ്ങളെ കൂട്ടിലടച്ച് രാജസ്ഥാന് റോയല്‍സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍ കുതിപ്പ് തുടരുന്നു. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബ്ബായ ഹൈവെല്‍ഡ് ലയണ്‍സിനെ 30 റണ്‍സിനാണ് ദ്രാവിഡിന്റെ രാജസ്ഥാന് റോയല്‍സ് കീഴടക്കിയത്. ആദ്യം ബാറ്റ്ചെയ്ത രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ 41കാരനായ പ്രവീണ്‍ താംബെയാണ് റോയല്‍സിന്റെ വിജയശില്പി. 40 റണ്‍സെടുത്ത ആല്‍വിരോ പീറ്റേഴ്സനാണ് ലയണ്‍സിന്റെ ടോപ്സ്കോറര്‍.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ഹോഡ്ജ്, സ്റ്റുവര്ട്ട്ബിന്നി, ഷെയ്ന് വാട്സണ്, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 183 റണ്‍സ് അടിച്ചുകൂട്ടിയത്. ഹോഡ്ജ് 23 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 46 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി 20 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്സറുമടക്കം 38 റണ്‍സ് അടിച്ചുകൂട്ടി. ഷെയ്ന്‍വാട്സണ്‍ 24 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 33 റണ്‍സും ദ്രാവിഡ് 30 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 31 റണ്‍സും നേടി. ലയണ്‍സിന് വേണ്ടി സൊസൊബേയും പ്രിറ്റോറിയസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന് വേണ്ടി ഡി കോക്കും വാന്‍ഡര്‍ ഡസ്സനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. സ്കോര്‍ 25-ല്‍ എത്തിയശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 14 റണ്‍സെടുത്ത ഡി കോക്കിനെ ഷെയ്ന് വാട്സണ് മനേരിയയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 36-ല്‍ എത്തിയപ്പോള്‍ രണ്ട് വിക്കറ്റുകളാണ് ലയണ്‍സിന് നഷ്ടപ്പെട്ടത്. 14 റണ്‍സെടുത്ത വാന്‍ ഡര് ഡസ്സനെ വിക്രംജിത് മാലിക് ദ്രാവിഡിന്റെ കൈകളിലും തൊട്ടടുത്ത പന്തില്‍ തെംബ ബാവുമയെ (0) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലുമെത്തിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ലയണ്‍സിന് കഴിഞ്ഞില്ല. പിന്നീട് വില്ജിയോനും പീറ്റേഴ്സണും ചേര്‍ന്ന് സ്കോര്‍ 89-ല്‍ എത്തിച്ചെങ്കിലും 24 റണ്‍സെടുത്ത വില്ജിയോനെ താംബെ ബൗള്‍ഡാക്കിയതോടെ രാജസ്ഥാന് മത്സരത്തില്‍ പിടിമുറുക്കി. സ്കോര്‍ 101-ല്‍ നില്‍ക്കേ മൂന്ന് റണ്‍സെടുത്ത ജീന്‍ സിമെസിനെയും ഒരു പന്തിന്റെ ഇടവേളക്ക് ശേഷം സൊഹൈല്‍ തന്‍വീറിനെയും (0) താംബെ മടക്കി. സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ ലയണ്‍സ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ പീറ്റേഴ്സനെയും (40) താംബെ പുറത്താക്കി. പിന്നീട് 21 റണ്‍സെടുത്ത സൊലെകിലേയും 19 റണ്‍സെടുത്ത പ്രിട്ടോറിയസും പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. രാജസ്ഥാന് റോയല്‍സിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ താംബെക്ക് പുറമെ വിക്രംജിത് മാലിക്കും ഫള്ക്ക്നറും രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: