കൊല്ലം: കന്നിമാസചൂടിനെ കൂസാതെ ആശ്രാമം മൈതാനത്തിന്റെ നടപ്പാതകളില്‍ തിങ്ങിനിറഞ്ഞ കൊല്ലം നിവാസികള്ക്കിടിയിലേക്ക് പറന്നിറങ്ങിയ ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിക്ക് ആയിരങ്ങള്‍ ഉജ്ജ്വല വരവേല്‍പ്പ് നല്കി.
രാവിലെ 8 മണിയോടെ തന്നെ ആശ്രാമം മൈതാനം കേരളാ പോലീസിന്റേയും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കമാന്‍ഡോകളുടേയും നിയന്ത്രണത്തിലായിരുന്നു. ആശ്രാമം മൈതാനത്ത് സര്‍ക്കസ് നടക്കുന്ന ഭാഗത്തിന് പടിഞ്ഞാറ് വശം ആണ് മോദിയെ വഹിച്ചെത്തുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററിന് ഹെലിപാട് ഒരുക്കിയിരുന്നത്.
രാവിലെ 9 മണി ആയതോടെ മൈതാനത്തിന് ചുറ്റും ആയിരങ്ങള്‍ എത്തിത്തുടങ്ങി. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമേ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലി തങ്ങളുടെ രാഷ്ട്രനേതാവിനെ കാണാന്‍ കാത്തുനിന്നു.
പരിമിതമായ ആളുകള്‍ക്ക് മാത്രമേ മോദിയുടെ അടുത്തേക്ക് കടന്നു ചെല്ലുവാനുള്ള അനുവാദം സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്കിയിട്ടുള്ളു എന്ന് പോലീസ് അറിയിച്ചു. ഇതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള നേതാക്കളാണ് പാര്‍ട്ടി നേതാവിനെ സ്വീകരിച്ചത്.
9.30 ഓട് കൂടി മോദിയുടെ ആഗമനം അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചു. അതനുസരിച്ച് മോഡിക്ക് അമൃതപുരിയിലേക്ക് പോകാനുള്ള വാഹനവ്യൂഹം സജ്ജീകരിച്ചു. ഹെലിപാടിനരികിലേക്ക് മാധ്യമപ്രവര്‍ത്തകരെപ്പോലും കടത്തിവിട്ടില്ല. മൈതാനത്തിനകത്തേക്ക് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് നേതാക്കളെപ്പോലും കടത്തിവിട്ടത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, കെ.പി ശ്രീശന് എന്നിവര്‍ നേരത്തെ മൈതാനത്തെത്തിയിരുന്നു. ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിനു മുമ്പ് ഫയര്‍ ഫോഴ്സ് ഗ്രൗണ്ട് നനച്ചതിനാല്‍ പൊടിപടലം കുറവായിരുന്നു.
9.45ന് മോദിയെ വഹിച്ചെത്തിയ ഹെലിക്കോപ്റ്റര്‍ എത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരനും തിരുവനന്തപുരത്ത് നിന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നീല കുര്‍ത്ത ധരിച്ച് തൊഴുകൈകളോടെ ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങിയ മോദിയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര് ഉമാകാന്തന്‍, മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, ബി. രാധാമണി, ജില്ലാ പ്രസിഡന്റ് എം. സുനില്‍, സംസ്ഥാന സമിതിയംഗം വയയ്ക്കല്‍ മധു, മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി. ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്, മാലുമേല്‍ സുരേഷ്, വൈസ് പ്രസിഡന്റ് ദിനേശ്, മുന്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. സുന്ദര്രാജന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ വരവേറ്റു. 9.55 ഓടെ മോദിയെ വഹിച്ച വാഹനവ്യൂഹം വള്ളിക്കാവിലേക്ക് പോയി. ദേശീയപാതയുടെ ഓരങ്ങളില്‍ ദേശീയതയുടെ കരുത്തനായ നേതാവിനെ കാണാന്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: