കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയീദേവിയുടെ 60-ാംപിറന്നാളാഘോഷത്തില് ആവേശമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെത്തി. അമൃതപുരിയിലെന്നപോലെ നാടിനും ആവേശമായി അദ്ദേഹം. ദേശീയപാതയുടെ ഇരുവശങ്ങളിലും മോദിയെക്കാണാന്‍ വന്‍ ജനാവലിയുണ്ടായിരുന്നു. അമൃതപുരിയിയെത്തിയ അദ്ദേഹം അമ്മയെ ദര്‍ശിച്ചതിനുശേഷം അമ്മയോടൊപ്പമാണ് വേദിയിലേക്കെത്തിയത്.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, ലളിതാസഹസ്രനാമാര്‍ച്ചന, നൂറോളം കലാകാരന്മാര് നയിച്ച പഞ്ചാരിമേളം എന്നിവ നടന്നു. ഇരുന്നൂറോളം രാജ്യങ്ങളിലെ ദേശീയപതാക പ്രധാനവേദിയുടെ മുന്നിലെ ഗാര്‍ഡനുമുന്നില്‍ ഉയര്‍ത്തി. ആഘോഷവേദിക്കുമുന്നില് ഇത്രയും ദേശീയപതാകകള്‍ ഭാരതത്തിന്റെ ദേശീയ പതാകയ്ക്കൊപ്പമാണ് ഉയര്‍ത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ വിവിധ പ്രദേശങ്ങളില്നിന്നുംവന്ന കലാകാരികളെയും കലാകാരന്മാരെയും അണിനിരത്തി തിരുവനന്തപുരം ഋഗാറ്റയുടെ നൃത്തപരിപാടികള്‍ നടന്നു. തുടര്‍ന്ന് അമ്മയുടെ 60-ാം പിറന്നാളാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ലോകത്തിന്റെ പലഭാഗങ്ങളില്നിന്നുവന്നവരും ഭാരതത്തിന്റെ വിവിധ മതമേലദ്ധ്യക്ഷന്മാരും സമൂഹത്തിലെ ഉന്നതവ്യക്തികളും ഭരണാധിപന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു. ജനക്ഷേമം മുന്‍നിര്‍ത്തി അമൃതയുടെ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനങ്ങള്‍ നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.
1.30 മുതല്‍ അമ്മയുടെ ദര്‍ശനവും അതോടൊപ്പം വിവിധ കലാപരിപാടികളും ആരംഭിച്ചു. ഇടുക്കിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ ഭജനയും സത്സംഗവും നടന്നു. അജോയ്ചക്രവര്ത്തിയുടെ ഹിന്ദുസ്ഥാനി സംഗീതം, മഞ്ജുവാര്യരുടെ നൃത്തം, ശിവമണിയും സ്റ്റീഫന്‍ ദേവസ്സിയും സംഘവും അവതരിപ്പിച്ച വെര്ക്കഷന് എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
അമ്മയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ ജനസാഗരമാണ് അമൃതപുരിയിലേക്ക് ഒഴുകിയെത്തിയത്. എത്ര ഭക്തര്‍ വന്നാലും അവര്‍ക്കെല്ലാം നല്ലരീതിയില്‍ ദര്‍ശനം നടത്താനുള്ള സംവിധാനം അമൃതപുരിയില്‍ സജ്ജീകരിച്ചിരുന്നു. എല്ലാവര്ക്കും ഭക്ഷണം നല്‍കുന്നതിനും വിശ്രമിക്കുന്നതിനും കുറ്റമറ്റ രീതിയില്‍ സജ്ജീകരണങ്ങള്‍ നടത്തിയിരുന്നു.
ശാസ്ത്ര-കലാപ്രദര്‍ശനങ്ങളും ഒരുക്കിയിരുന്നു. മതപണ്ഡിതന്മാരും കലാകാരന്മാരും ഭരണാധികാരികളും അടങ്ങിയ സമൂഹത്തിന്റെ ഒരു പരിഛേദംതന്നെ അമൃതപുരിയില്‍ കാണാന്‍ കഴിയും. അമ്മയുടെ പ്രഥമശിഷ്യന്‍ സ്വാമിപൂര്‍ണ്ണാമൃതാനന്ദപുരി നടത്തിയ സത്സംഗം അമ്മയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെയുള്ള യാത്രയും, ഭക്തര്‍ക്കുള്ള അമ്മയുടെ സന്ദേശവും ആയിരുന്നു.
ലോകം മുഴുവന്‍ അമൃതപുരിയിലേക്ക് എത്തി എന്ന തോന്നല്‍ ഇവിടെ എത്തിയവര്‍ക്ക് അനുഭവപ്പെട്ടു. അമൃതാനന്ദമയി ദേവി നടത്തുന്ന പുതിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: