ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെയും ശ്രീപ്രകാശ് ജെയ്സ്വാളും ആര്‍എസ്എസ് നേതാക്കളുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന് അജ്മേര്‍ സ്ഫോടനക്കേസിലെ പ്രതി. സംഭവത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, മുതിര്‍ന്ന പ്രചാരകന് ഇന്ദ്രേഷ് കുമാര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് പറയാനാണ് കേന്ദ്രമന്ത്രിമാര്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് പ്രതിയായ ഭാവേശ് പട്ടേല്‍ വെളിപ്പെടുത്തി. കേസ് വിചാരണയ്ക്കെടുത്ത എന്‍ഐഎ കോടതിക്ക് അയച്ച കത്തിലാണ് പട്ടേല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ നിഷേധിച്ച കേന്ദ്രമന്ത്രിമാര്‍ ഭാവേശ് പട്ടേലിനെ അറിയില്ലെന്നാണ് പറയുന്നത്.
ഭാവേശ് പട്ടേലിനെ അറിയില്ലെന്നും ആരെങ്കിലും തന്റെ പേരുപയോഗിച്ചാല്‍ തനിക്കെന്ത് ചെയ്യാനാകുമെന്നും പട്ടേലിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് ഷിന്‍ഡെ പ്രതികരിച്ചു. പട്ടേലിനെ അറിയില്ലെന്ന് പറഞ്ഞ് ജെയ്സ്വാളും കൈകഴുകി. മുന്‍പരിചയമില്ലാത്ത ഒരാളെ എങ്ങനെയാണ് താന്‍ നിര്‍ബന്ധിക്കുകയെന്ന് ജെയ്സ്വാള്‍ ചോദിച്ചു. ആരോപണം നിഷേധിച്ച ആര്.പി.എന്‍. സിംഗാകട്ടെ സംഭവം നടന്നെന്ന് പട്ടേല്‍ പറയുന്ന സമയത്ത് താന്‍ ആഭ്യന്തരമന്ത്രിയായിരുന്നില്ലെന്നും പറഞ്ഞു.
നിരവധി കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗിനെ പോലുള്ളവരും ആ സമയത്ത് തന്നെ വന്നു കണ്ടിരുന്നു. ഇവരാണ് തന്നോട് ആര്‍എസ്എസ് നേതാക്കളുടെ പേരുപറയാന്‍ ആവശ്യപ്പെട്ടതെന്നും എന്‍ഐഎ കോടതിക്ക് നല്കിയ അപേക്ഷയില്‍ പട്ടേല്‍ പറയുന്നു. കൂടാതെ കേസ് അന്വേഷിച്ച മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ പോലും ആര്‍എസ്എസിനു നേരെ വിരല്‍ചൂണ്ടാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ച്ചിലാണ് ഭാവേശ് പട്ടേല്‍ അറസ്റ്റിലാകുന്നത്. മൊറാദാബാദിലെ ആചാര്യ പ്രമോദ് കൃഷ്ണനാണ് തനിക്ക് ദിഗ്വിജയ് സിംഗ്, ഷിന്‍ഡെ, ജെയ്സ്വാള്‍, ആര്.പി.എന്‍. സിംഗ് എന്നിവരെ കാണാനുള്ള അവസരമൊരുക്കിയതെന്നും പട്ടേല്‍ വ്യക്തമാക്കുന്നു.
തന്റെ കക്ഷി വ്യാഴാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായി ഇതേ മൊഴി നല്‍കുമെന്ന് പട്ടേലിന്റെ അഭിഭാഷകന് ഭൂപേന്ദ്ര സിംഗ് ചൗഹാന് പറഞ്ഞു. പട്ടേല്‍ ആക്രമണത്തിന് സ്ഫോടകവസ്തുക്കളെത്തിച്ചുകൊടുത്തതായും തുടര്‍ന്ന് ബോംബ് ദര്‍ഗയ്ക്കുള്ളില്‍ കൊണ്ടുപോയതായും എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
2012 നവംബറില്‍ ആശ്രമത്തില്‍ വച്ചാണ് കൃഷ്ണന് തന്നെ ദിഗ്വിജയ് സിംഗിന് പരിചയപ്പെടുത്തുന്നത്. സിംഗിനോട് താന്‍ കേസിന്റെ കാര്യം പറഞ്ഞു. അപ്പോള്‍ പേടിക്കേണ്ടെന്നും സമയം വരുമ്പോള്‍ താന്‍ പറയുന്നത് പോലെ കോടതിയില്‍ മൊഴിനല്‍കണമെന്നും സിംഗ് തന്നോട് പറഞ്ഞതായും പട്ടേല്‍ പറയുന്നു. പിന്നീട് ആര്.പി.എന്‍. സിംഗിനെയും ജെയ്സ്വാളിനെയും കൃഷ്ണന് തന്നെയാണ് പരിചയപ്പെടുത്തിയത്. ദിഗ്വിജയ് സിംഗ് പട്ടേലിന്റെ കേസിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും തങ്ങള്‍ പറയുന്നത് പോലെ പ്രവര്‍ത്തിച്ചാല്‍ പട്ടേലിനെ രക്ഷിക്കാമെന്നും ഇരുവരും വാഗ്ദാനം ചെയ്തു. കൃഷ്ണനാണ് ദല്‍ഹിയിലെ ഏതോ ഒരു സ്ഥലത്ത് തന്നെ കൊണ്ടുപോയത്. അവിടെയാണ് ഷിന്‍ഡെ ഉണ്ടായിരുന്നതെന്നും പട്ടേല്‍ വെളിപ്പെടുത്തുന്നു.
കോടതിയിലെത്തിക്കുമ്പോള്‍ മോഹന്‍ ഭാഗവതിന്റെയും ഇന്ദ്രേഷ് കുമാറിന്റെയും പേരുകള്‍ പറയണമെന്ന് തന്നോട് ഷിന്‍ഡെ ആവശ്യപ്പെട്ടു. അവരുടെ നിര്‍ദേശപ്രകാരമാണ് താന്‍ അജ്മേര്‍ ദര്‍ഗയില്‍ സ്ഫോടനം ആസൂത്രണം ചെയ്തതെന്നും കോടതിയില്‍ മൊഴി നല്‍കണമെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടെന്ന് പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ ഭാഗവതിന്റെയോ ഇന്ദ്രേഷിന്റെയോ പേരു പറഞ്ഞില്ലെന്നും തന്റെ മന:സാക്ഷി അതിനനുവദിച്ചില്ലെന്നും പട്ടേല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: