തിരുവനന്തപുരം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിക്ക് തലസ്ഥാനത്ത് വന്‍ വരവേല്‍പ്പ്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മാസ്കറ്റ് ഹോട്ടലില്‍ അദ്ദേഹത്തെ കാണാനും സ്വീകരിക്കാനുമെത്തിയത്. വള്ളിക്കാവില്‍ മാതാഅമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിനെത്തിയതാണ് നരേന്ദ്രമോദി.
ഭോപ്പാലില്‍ നിന്ന് ഇന്നലെ വൈകിട്ട് 7.20നാണ് പ്രത്യേകവിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നരേന്ദ്രമോദി എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.പി.പി.വാവ സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, അഡ്വ.ജെ.ആര്.പദ്മകുമാര്‍, സംസ്ഥാന വക്താവ് വി.വി.രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.സുധീര്‍, അമൃതാനന്ദമയി മഠത്തെ പ്രതിനിധീകരിച്ച് ഡോ.വിപിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍സെക്രട്ടറി രാംലാല്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് മോദിയെയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം 7.40ന് മാസ്കറ്റ് ഹോട്ടലിലെത്തി. മാസ്കറ്റ് ഹോട്ടലില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്തു നിന്നത്. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് ബന്ദാരുദത്താത്രേയ, സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, പി.എസ്.ശ്രീധരന്‍പിള്ള, ശോഭാസുരേന്ദ്രന്, കെ.പി.ശ്രീശന്, വി.കെ.സജീവന്, കെ.വി.ശ്രീധരന്മാസ്റ്റര്, അഡ്വ.ഗീത, ജില്ലാ-മേഖലാ ഭാരവാഹികള്‍ തുടങ്ങിയവരും മാസ്കറ്റ് ഹോട്ടലില്‍ നടന്ന സ്വീകരണത്തില്‍ സംബന്ധിച്ചു. നേതാക്കള്‍ പൊന്നാടചാര്‍ത്തിയും ഹാരമണിയിച്ചും മോദിയെ സ്വീകരിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ജയ് വിളികളോടെയും മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയുമാണ് വരവേറ്റത്. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിവന്ന് മോദി അഭിവാദ്യം ചെയ്തപ്പോള്‍ ആവേശത്തിന്റെ വേലിയേറ്റമായി.
ഇന്ന് രാവിലെ 6.45ന് പദ്മനാഭസ്വാമിക്ഷേത്രവും തുടര്‍ന്ന് കവടിയാര്‍ കൊട്ടാരവും സന്ദര്‍ശിക്കുന്ന അദ്ദേഹം രാവിലെ 9 മണിയോടെ ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു പോകും. അവിടെ നിന്ന് റോഡ് മാര്‍ഗ്ഗം വള്ളിക്കാവിലെത്തുന്ന അദ്ദേഹം 10.30ന് അമ്മയുടെ ജന്മദിനാഘോഷങ്ങളില് സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: