ഭോപ്പാല്‍: വരാന്‍ പോകുന്ന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പോകുന്നത് സിബിഐ ആയിരിക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ബിജെപിക്കും എന്‍ഡിഎക്കും എതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസായിരിക്കില്ല. സിബിഐയെ ദുരുപയോഗം ചെയ്യുന്ന യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയെ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ദല്‍ഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ രംഗത്തിറക്കില്ല. വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരരംഗത്തുണ്ടാകില്ല. പകരം സിബിഐയെ കളത്തിലിറക്കുമെന്ന് ലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.
മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ ഭോപ്പാലില്‍ നടന്ന റാലിയില്‍ പങ്കെടുത്തു. ബിജെപിക്കും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും എതിരായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെയുള്ള സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കണം. ബിജെപിയെ മറികടക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ തെറ്റുകള്‍ക്ക് ജനം ശക്തമായ ശിക്ഷ നല്‍കുമെന്നും മോദി വ്യക്തമാക്കി.
രാജ്യത്തെ കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസിന്റെ ഭരണത്തില്‍ നിന്നും മുക്തമാക്കണം. കോണ്‍ഗ്രസിന്റെ അഴിമതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം നേടിയ ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന മഹാത്മാ ഗാന്ധിയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റേണ്ടതല്ലേ എന്ന മോദിയുടെ ചോദ്യത്തിന് അതേയെന്ന ഉറച്ച ശബ്ദത്തിലുള്ള മറുപടിയാണ് വന്‍ജനക്കൂട്ടം നല്‍കിയത്. മുഖ്യമന്ത്രി ശിവരാജിനെ സമാധാനമായി ഭരിക്കാന്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അദ്ദേഹം ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ നിരവധി തടസ്സങ്ങളാണ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കേണ്ടത് തങ്ങളെപ്പോലുള്ള നേതാക്കളോടാണെന്നും അല്ലാതെ സാധാരണ ജനങ്ങളോടല്ലെന്നും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്നും മോദി പറഞ്ഞു.
രാജ്യത്തിന് സമഗ്രവളര്ച്ചയുണ്ടാകണമെന്ന് കോണ്‍ഗ്രസ് പറയാനാരംഭിച്ചതേയുള്ളൂ. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കി കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി വമ്പിച്ച വിജയം ഉണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ല. രാജ്യത്ത് ബിജെപി അനുകൂല തരംഗം ഉണ്ടായിരിക്കുകയാണ്. ഇതുവരെ നടന്ന എല്ലാ സര്വെകളിലെയും ഫലം ബിജെപിക്ക് അനുകൂലമാണെന്നും മോദി ചൂണ്ടിക്കാട്ടി.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭരണപാടവത്തെ പുകഴ്ത്തിയ മോദി കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്ക്കുണ്ടാക്കിയിരിക്കുന്ന ദുരിതങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ചൗഹാന് അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തുകാട്ടിയ അദ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഏറ്റവും മികച്ച, യോഗ്യനായ വ്യക്തിയെയാണ് തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കി. നരേന്ദ്രമോദി, ശിവരാജ് സിംഗ് ചൗഹാന്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് എന്നിവരുടെ നേട്ടങ്ങളും ഉദാഹരിച്ചു.
അധികാരം ഗ്രാമങ്ങളില്വരെയത്തിച്ച സംസ്ഥാന ഭരണകൂടങ്ങള്‍ ബിജെപിയുടെത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം അത് ഗുജറാത്തില്‍ നടപ്പാക്കി തെളിയിച്ചത് നരേന്ദ്രമോദിയാണ്. തുടര്‍ന്ന് ശിവരാജ് സിംഗ് ചൗഹാന് മധ്യപ്രദേശിലും രമണ്‍സിംഗ് ഛത്തീസ്ഗഢിലും നടപ്പാക്കി. രാജ്യത്ത് മറ്റൊരു സംസ്ഥാനങ്ങളിലും 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നില്ലെന്നും അദ്വാനി വ്യക്തമാക്കി.
ബൂത്ത് തലം മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ മോദിക്ക് രാജ്യത്തെ പ്രധാനമന്ത്രിയും ശിവരാജ് സിംഗ് ചൗഹാന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ആകാന്‍ സാധിക്കുകയുള്ളൂ എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ അനുഗ്രഹം തേടിയ ഉമാഭാരതി മോദി രാജ്യത്തിന്റെ ഭാവി നിശ്ചയിക്കാന്‍ പോകുന്ന നേതാവാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: