ജയ്പ്പൂര്‍: നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാധ്യമപ്രവര്‍ത്തകരെ കയ്യിലെടുക്കാന്‍ രാജസ്ഥാന് സര്‍ക്കാരിന്റെ ശ്രമം. വില കുറച്ച് ഭൂമിയും സൗജന്യമായി ലാപ്ടോപ്പും നല്‍കിയാണ് സര്‍ക്കാര്‍ മാധ്യമങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്.
ലൈംഗികാരോപണത്തിന്റെ പേരില്‍ തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ രാജിവയ്ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗഹ്ലോട്ടിന്റെ മാധ്യമപ്രീണനം. മാധ്യമങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള വില കുറഞ്ഞ തന്ത്രമായാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തുച്ഛമായ നിരക്കില്‍ ഭൂമി നല്‍കിയതായി സണ്‍ഡേ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്പ്പൂരില്‍ 550 ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് നായ്ലയില് 198 സ്ക്വയര്‍ മീറ്റര്‍ ഭൂമി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഈ നഗരത്തിന് പത്രകാര്‍ എന്ന പേരാണ് നല്‍കാനിരിക്കുന്നത്. ജയ്പ്പൂരിലെ മാധ്യമപ്രവര്‍ത്തകരെ കൂടാതെ അജ്മീറിലെ നൂറോളം മാധ്യമപ്രവര്‍ത്തകര്‍ക്കും ഗഹ്ലോട്ട് ഭൂമി സമ്മാനിച്ചിട്ടുണ്ട്.
ഭൂമി നല്‍കിയത് കൂടാതെ ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് സൗജന്യമായി ലാപ് ടോപ്പും നല്കി. മറ്റ് സ്ഥലങ്ങളിലെ ഭൂമിവിതരണം പൂര്‍ത്തിയായെങ്കിലും ജയ്പ്പൂരില്‍ ഹൈക്കോടതിയില്‍ ലഭിച്ച പരാതി പ്രകാരം ഭൂമി വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്. അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കുമെന്ന് അശോക് ഗഹ് ലോട്ട് 2010ല്‍ പ്രഖ്യാപിച്ചിരുന്നു. ആറായിരം രൂപയില്‍ കൂടുല്‍ വേതനമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വീട് വയ്ക്കാനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇവര്‍ ഇതിനായി തങ്ങള്‍ ജോലി ചെയ്യന്ന മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സംസ്ഥാനസര്‍ക്കാരിന്റെ അക്രഡിറ്റേഷന് ലഭിച്ചവര്‍ക്ക് മാത്രമേ ഭൂമി ലഭിക്കൂ. തങ്ങളുടെ പേരില്‍ മറ്റ് ഭൂമിയില്ല എന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിക്കണം.
എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയിരിക്കുന്നവരില് അധികവും രാജസ്ഥാനികളല്ലെന്ന് ചൂണ്ടിക്കാട്ടി ഇതിനെ ചോദ്യം ചെയ്ത് സുനില്‍ കുമാര്‍ ഹേഡ് എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വില്പ്പനോദ്ദേശ്യം മുന്നില്‍ കണ്ടാണ് പലരും ഭൂമി കൈവശമാക്കിയതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പദ്ധതിയുടെ ആുകൂല്യം ലഭിക്കുകയുള്ളു എന്ന് ജയ്പ്പൂര്‍ ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
1998- 2003 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും അശോക് ഗഹ്ലോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭൂമി നല്കി തന്റെ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ജയ്പ്പൂരിലെ പത്രകാര്‍ കോളനി ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. അതേസമയം ഗഹ്ലോട്ട് ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വസുന്ധര രാജെ ചൂണ്ടിക്കാണിച്ചു. പരസ്യപ്രചാരണത്തിനും മറ്റുമായും രാജസ്ഥാന് സര്‍ക്കാര്‍ കോടിക്കണക്കിന് പണം ചെലവഴിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: