കൊച്ചി: ജില്ല ഭരണകൂടം, കേരള സംഗീത നാടക അക്കാദമി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, മെട്രോ ഫിലിം സൊസൈറ്റി എന്നിവരുമായി സഹകരിച്ചു നടത്തിവരുന്ന വാരാന്ത്യ ചലചിത്രമേളയുടെ ഭാഗമായി നാളെ “ദി ലൈറ്റ് തീഫ്” പ്രദര്‍ശിപ്പിക്കും. 27ന് വൈകിട്ട് 6.30ന് ചില്‍ഡ്രന്‍സ് തിയേറ്ററിലാണ് പ്രദര്‍ശനം. ചിത്രത്തിനു മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.
കിര്‍ഗിസ്ഥാനില്‍ നിന്നുമുള്ള മനുഷ്യനന്മയുടെ ചിത്രമാണ് ‘ദി ലൈറ്റ് തീഫ്’. അക്തന്‍ അറിംകുബത് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം, 2010-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയതാണ്. എഴുത്തുകാരനും സംവിധായകനും തന്നെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ താല് അയ്ക്കന്‍ അബസോവ, അസ്കത്സുല് എയ്മനോവ് എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കിര്‍ഗിസ് ഭാഷയിലുള്ള ചിത്രം 83-ാമത് അക്കാദമി അവാര്‍ഡിന് വിദേശഭാഷയിലുള്ള മികച്ച ചിത്രം എന്ന പേരില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഗ്ലോബല്‍ ലെന്‍സ് 2011 ഫിലിം സീരീസിലും പ്രദര്‍ശിപ്പിച്ചു.
ഒട്ടേറെ വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച സംവിധായകനെന്ന പേരില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അക്തന്‍ അറിംകുബത് സംവിധാനം ചെയ്ത അഞ്ചാമത് ഫീച്ചര്‍ ഫിലിം മനുഷ്യനന്മയുടെ പാഠങ്ങളാണ് കാഴ്ചക്കാര്‍ക്കു മുന്പില് പകര്‍ന്നുവയ്ക്കുന്നത്. നന്മയും തിന്മയും നിറഞ്ഞ ലോകത്തില്‍ ഒരു ഗ്രാമീണ ഇലക്ട്രീഷ്യന് ചെയ്യുന്ന നന്മയുടെ അംശങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ പുത്തന്‍ കാഴ്ചക്കൂട്ടുകള് നിറയ്ക്കുന്നു. കിര്‍ഗിസ്ഥാനിലെ താഴ്വാരത്തുള്ള ഒരു ഗ്രാമത്തില്‍ നിറയെ സാധാരണക്കാരാണ് വസിക്കുന്നത്. തൊഴിലില്ലായ്മയാണ് ആ ഗ്രാമത്തെ ഗ്രസിക്കുന്ന പ്രധാന പ്രശ്നം. വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഗ്രാമത്തിലേയ്ക്ക് ഉറ്റുനോക്കുന്ന ഇലക്ട്രീഷ്യന്റെ മനസില്‍ നന്മയുടെ ചിന്തകള്‍ വിരിയുന്നു.
അവിടെ ലഭ്യമായ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ ഇറങ്ങിത്തിരിക്കുന്ന കഥാനായകന് അഴിമതി നിറഞ്ഞ സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സ്വീകരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു… കഥാനായകന് തന്റെ ലക്ഷ്യം സാധിക്കുമോ എന്നുള്ള അന്വേഷണമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ചില്‍ഡ്രന്‍സ് തിയേറ്ററില്‍ നടത്തിവരുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇതാദ്യമായാണ് ഒരു റഷ്യന്‍ ഫിലിം പ്രദര്‍ശിപ്പിക്കുന്നത്. ചലചിത്രാസ്വാദകര്‍ക്ക് സീറ്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: