കൊച്ചി: നൈപുണ്യ വികസനപരിപാടിയില്‍ അസാപ് വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന് മാതൃകയാകുകയാണെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി (അസാപ്)യിലെ സ്കില്‍ സെന്റര്‍ കോഴ്സുകളുടെ ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എല്‍.എ.മാരുടെ സഹകരണത്തോടെ സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതോടെ മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തിനകം തൊഴില്‍ നൈപുണ്യം നേടാന്‍ അവസരമുണ്ടാകും.
എല്ലാ മണ്ഡലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്കില്‍ പാര്‍ക്കുകള്‍ വരുന്നതോടെ സമയഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യവികസനം കരഗതമാക്കാം. കൂടുതല്‍ വ്യവസായങ്ങള്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നതായും ഇതുവഴി കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഡോമനിക് പ്രസന്റേഷന് എം.എല്‍.എ. അസാപ് പതാക പ്രകാശനം ചെയ്തു. അസാപ് ഫോറം ബെന്നി ബഹനാന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, കൊച്ചി നഗരസഭ വിദ്യാഭ്യാസസമതി അധ്യക്ഷന്‍ ആര്.ത്യാഗരാജന്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമതി അധ്യക്ഷന്‍ കെ.കെ.സോമന്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ലത രാജു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സ്കില്‍ സെക്ടര്‍ കോഴ്സുകളില്‍ അസാപുമായി സഹകരിക്കുന്ന ഇന്ത്യന്‍ ഡെന്റല്‍ അസ്സോസ്സിയേഷന്‍, കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസ്സോസിയേഷന്, റബ്ബര്‍ സ്കില്‍ ഡവലപ്മെന്റ് സെന്റര്‍, ഇലക്ട്രോണിക് സെക്റ്റര്‍ സ്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുമായുള്ള ധാരണാപത്രവും ഇതോടൊപ്പം കൈമാറി. ഡോ.ആന്റണി തോമസ്( പ്രസിഡന്റ്, ഇന്ത്യന്‍ ഡന്റല്‍ അസ്സോസ്സിയേഷന്‍, കേരള ചാപ്റ്റര്‍), ജോസഫ് മുട്ടത്തോട്ടില്‍( പ്രസിഡന്റ്, കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസ്സോസിയേഷന്), വിനോദ് സൈമണ്‍(ചെയര്മാന്, റബ്ബര്‍ സ്കില്‍ ഡവലപ്മെന്റ് സെന്റര്‍), രോഹിത് മെഹ്റ (വൈസ് പ്രസിഡന്റ്, ഇലക്ട്രോണിക് സെക്റ്റര്‍ സ്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ) എന്നിവര്‍ ധാരണപത്രം കൈമാറി. ചടങ്ങില്‍ കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്.അജിത്കുമാര്‍ പങ്കെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: