ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആദ്യ വനിതാ ചെയര്‍മാനെ ഉടന്‍ ലഭിച്ചേക്കും. അരുന്ധതി ഭട്ടാചാര്യയുടെ പേരാണ് തല്‍സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ പേര് മന്ത്രിസഭാ നിയമന സമിതി(അപ്പോയ്മെന്റ്സ് കമ്മറ്റി ഓഫ് ദ ക്യാബിനറ്റ്) മുമ്പാകെ ഉടന്‍ സമര്‍പ്പിക്കും. നിലവില്‍ ബാങ്കിന്റെ നാല് മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളാണ് അരുന്ധതി.
അതേസമയം ഇവരുടെ നിയമനത്തിന് ധനകാര്യ മന്ത്രി പി.ചിദംബരം അനുമതി നല്‍കിയതായും അറിയുന്നു. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ധനകാര്യ മന്ത്രിയുടെ അനുമതിയ്ക്ക് പുറമെ പ്രധാനമന്ത്രി അധ്യക്ഷനായിട്ടുള്ള എസിസിയുടെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്.
തെരഞ്ഞെടുപ്പ് സമിതി പ്രഥമ പരിഗണന കൊടുക്കുന്നതും അരുന്ധതിയ്ക്കാണ്. നിയമനത്തിന് മുന്നോടിയായി വിജിലന്‍സിന്റെ അനുമതി തേടേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ചെയര്മാന് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനായി നടത്തുന്ന അഭിമുഖം കഴിഞ്ഞ ആഴ്ച നടന്നു. എസ്ബിഐ ചെയര്മാന് പ്രദീപ് ചൗധരിയുടെ കാലാവധി ഈ മാസം അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്, ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് തക്രു, ബാങ്ക് ഓഫ് ബറോഡ മുന്‍ ചെയര്മാന് എം.ഡി. മല്യ, ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് ഡീന്‍ അജീത് രങ്ക്നേകര്, ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(കോഴിക്കോട്) ഡയറക്ടര്‍ ദേബാഷിഷ് ചാറ്റര്‍ജി എന്നിവരടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് സമിതി.
36 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് അരുന്ധതി എസ്ബിഐയുടെ തലപ്പത്ത് എത്തുന്നത്. നിലവില്‍ എസ് ബി ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമാണ് അരുന്ധതി ഭട്ടാചാര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: