കൊല്ലം: ധാതുമണല്‍ കള്ളക്കടത്തു സംബന്ധിച്ച സിബിഐ അന്വേഷണം വേണമെന്ന് എന്‍.കെ പ്രേമചന്ദ്രന്. ഐആര്‍ഇ ചവറ യൂണിറ്റ് നിലനിര്‍ത്തണമെന്ന താല്പര്യം മാനേജ്മെന്റിനില്ലെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രേമചന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു തൊഴിലാളിക്ക് രണ്ട് ഓഫീസര്‍മാര്‍ എന്ന വിചിത്രമായ അനുപാതമാണ് ഐആര്‍ഇയില്‍ ഇപ്പോഴുള്ളത്. 1080 തൊഴിലാളികളുണ്ടായിരുന്ന സ്ഥാപനത്തില്‍ അവരുടെ എണ്ണം ഇപ്പോള്‍ 280 മാത്രമാണെന്നും പ്രേമചന്ദ്രന് ചൂണ്ടിക്കാട്ടി.
നീണ്ടകര മുതല്‍ കായംകുളം പൊഴി വരെയും അവിടെ നിന്നും ആലപ്പുഴ വരെയും ഉള്ള തീരദേശത്തെ ധാതു മണല്‍ തമിഴ്നാട്ടിലേക്ക് കടത്തുന്നത് സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. തൂത്തുക്കുടിയിലെ വിവി മിനറല്‍സ് എന്ന സ്വകാര്യ കമ്പനി അനധികൃത ഖാനനത്തിലൂടെയും കള്ളക്കടത്തിലൂടെയും വന്‍ സമ്പത്ത് ആര്‍ജ്ജിച്ചു എന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. കേരളത്തില്‍ മാത്രം ലഭ്യമായ ക്യുഗ്രേഡ് ഇല്‍മനൈറ്റാണ് ഗുണനിലവാരമില്ലാത്ത തൂത്തുക്കുടി ഇല്മനൈറ്റുമായി ചേര്‍ന്ന് വിവി മിനറല്‍സ് വിപണിയില്‍ വില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരമണല്‍ ഖാനനവും, ധാതുമണല്‍ വേല്തിരിക്കലും പൊതുമേഖലയില്‍ നിക്ഷിപ്തമാണ്. ഇത് തകര്‍ക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണ് കരിമണല്‍ കള്ളക്കടത്തും, ഐആര്‍ഇ, കെഎംഎംഎല്‍ എന്നിവയുടെ നിഷേധ നിലപാടും.
ഐആര്‍ഇയുടെ പ്രവര്‍ത്തനം ഏതാണ്ട് സ്തംഭനാവസ്ഥയിലാണ് 10 ശതമാനത്തില്‍ താഴെമാത്രമാണ് ഉല്പാദനം. ഖാനനമേഖലകളെല്ലാം പൂര്‍ണ സ്തംഭനത്തിലാണ്. ഖാനനമേഖലയിലെ പ്രദേശിക പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും പരിഹരിച്ച് ധാതുമണല്‍ ഖാനനം ഊര്‍ജ്ജിതപ്പെടുത്തി ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ഒരു നടപടിയും കേന്ദ്ര-സംസ്ഥാന ഗവണ്മെനന്റുംകള് സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പോലും പാലിക്കപ്പെടുന്നില്ല. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ ബോധപൂര്‍വമായ അനാസ്ഥയാണ് കാണിക്കുന്നത്.
പൊതുമേഖലയില്‍ നിക്ഷിപ്തമായ ധാതുമണല്‍ ബ്ലോക്കുകല്‍ ഖാനനം ചെയ്യാതെ ഇല്‍മനൈറ്റ് ക്ഷാമം സൃഷ്ടിച്ച് വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കി സ്വകാര്യ കരിമണല്‍ ഖാനനാവകാശം നല്‍കുക എന്ന ഗൂഡലക്ഷ്യം ഇതിന്റെ പിന്നിലുണ്ട്. ചില വിദേശ ബഹുരാഷ്ട്ര കുത്തകകളുടെ പിന്‍ബലത്തോടെ കരിമണല്‍ സ്വകാര്യവത്ക്കരണം നടപ്പാക്കാന്‍ നടത്തുന്ന ഗൂഡ നീക്കങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. കൊല്ലം ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ പ്രത്യേക പോലീസ് ദൗത്യസംഘം രൂപീകരിച്ചും, അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക വിജിലന്‍സ് മോണിട്ടറിംഗ് നടത്തി കള്ളക്കടത്ത് പൂര്‍ണമായും തടയണം.
ഖാനനമേഖലയിലെ പ്രാദേശിക പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ജനപ്രതിനിധികള്‍ അടങ്ങിയ പ്രത്യേക സംവിധാനത്തിന് രൂപം നല്കി ഖാനനം പുഃനരാരംഭിച്ച് ഉല്പാദനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: