ന്യൂദല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് അറിയിച്ചു. യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്.
നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഞായറാഴ്ചയായിരിക്കും മന്മോഹന് – ഷെരീഫ് കൂടിക്കാഴ്ച. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. നവാസ് ഷെരീഫ് പൊതുസഭയെ അഭിസംബോധന ചെയ്യുന്നത് മന്മോഹന്റെ പ്രസംഗത്തിന് ഒരു ദിവസം മുമ്പാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അപലപിക്കുന്ന എന്തെങ്കിലും പരാമര്‍ശം നവാസ് ഷെരീഫ് നടത്തിയാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിയന്ത്രണ രേഖയില്‍ കഴിഞ്ഞമാസം അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവവും പാകിസ്ഥാന്റെ ഭാഗത്തു നിന്നും നിരന്തരമായുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇരു രാഷ്ടങ്ങള്ക്കുമിടയിലെ ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷമായ ബിജെപി പാകിസ്ഥാനുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭീകരതയും ചര്‍ച്ചയും ഒത്തുപോകില്ലെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സൈനികരുടെ മരണത്തിനു ഉത്തരവാദികള്‍ തങ്ങളെല്ലെന്ന നിലപാടാണ് പാകിസ്ഥാന് സ്വീകരിച്ചത്. അക്രമത്തെ അപലപിച്ച് ഇരു രാഷ്ട്രങ്ങളുടെ പാര്ലമെന്റുകള് പ്രമേയം പാസാക്കിയിരുന്നു.
പാകിസ്ഥാന് പുറമെ ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ആണവോര്‍ജ സഹകരണം ചര്‍ച്ചാവിഷയമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നതിന് അമേരിക്കയിലെ സ്വകാര്യ കമ്പനിയുമായി ഒപ്പുവയ്ക്കാന്‍ പോകുന്ന കരാറിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: