ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ രാമസേതു പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന് മനംമാറ്റം. സേതുസമുദ്രം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകേണ്ട സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് തന്റെ വിശ്വാസത്തിന് വിരുദ്ധമായി നിലപാടെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന മറുപടിയാണ് നല്‍കിയത്. തന്റെ പിതാവും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ കെ. പരാശരനാണ് എതിര്‍ഭാഗത്തിന് വേണ്ടി ഹാജരാകുന്നതെന്നും അതിനാല്‍ തന്റെ സാന്നിധ്യത്തിലൂടെ എന്തെങ്കിലും ഗൂഢാലോചന നടക്കുമോ എന്ന് പൊതുസമൂഹം സംശയിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കര്‍ത്തവ്യത്തില്‍ നിന്നും പിന്മാറിയത്.
താന്‍ ഒരു ഉറച്ച രാമഭക്തനാണ്. രാമന്റെ അസ്തിത്വം തനിക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. നിരവധി ധര്മസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അതിനാല്‍ ധര്‍മവിരുദ്ധമായി രാമസേതു തകര്‍ക്കുന്നതില്‍ കുഴപ്പമില്ലെന്ന് വാദിക്കാന്‍ തനിക്ക് കഴിയില്ല. ഇത് തന്റെ വ്യക്തിപരമായ വിശ്വാസം സംബന്ധിച്ച കാര്യമാണ്. ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ ഹിന്ദുവോ തന്റെ വ്യക്തിപരമായ വിശ്വാസത്തിന് എതിരായി പ്രവര്‍ത്തിക്കില്ല.
രാമസേതു തകര്‍ക്കുന്നത് 1958ലെ പ്രാചീന സ്മാരകവും പുരാവസ്തുക്കളും നിലനിര്‍ത്താനുള്ള ചട്ടത്തിന്റെ ലംഘനമാണ്. 100 വര്‍ഷത്തിലേറെയായി ഇങ്ങനെ നിലനില്‍ക്കുന്നതിനാല്‍ പ്രാചീന സ്മാരകമാണ്. രാമസേതുവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ രാമന്റെ അസ്തിത്വത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യമെങ്ങും കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പദ്ധതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ 2007ല്‍ പച്ചൗരി കമ്മറ്റിയെ നിയോഗിച്ചു.
ഇന്ത്യന്‍ സമ്പദ്ഘടന കൂപ്പുകുത്തിയ വേളയില്‍ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വലിയ കപ്പലുകള്‍ക്ക് മാന്നാര്‍ കടലിടുക്കിനും പാക് ഉള്‍ക്കടലിനും ഇടയിലൂടെ യാത്രാ മാര്‍ഗം നിര്‍മിക്കാനുള്ള 2,427 കോടിയുടെ പദ്ധതി വീണ്ടും മുന്നോട്ടു വച്ചിരിക്കുകയാണ്. പദ്ധതി നടപ്പായാല്‍ പ്രദേശത്ത് വന്‍ തോതില്‍ ആഴം കൂട്ടേണ്ടി വരുന്നത് പവിഴപ്പുറ്റുകള്‍ നിറഞ്ഞ ചെറുദ്വീപികള്ക്ക് പാരിസ്ഥിതിക ഭീഷണിയാണെന്ന കാര്യം സര്‍ക്കാരിനെ അല്‍പ്പം പോലും വിചാരമില്ല. ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലെ വേലിയേറ്റ വേലിയിറക്കങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ധമായി മാന്നാര്‍ കടലിടുക്കിലേക്ക് വരും.
1956ലെ സര് എ.ആര്. മുദലിയാര്‍ കമ്മറ്റി റിപ്പോര്‍ട്ട് മാന്നാര്‍ കടലിടുക്കിലെ രാമസേതു തകര്‍ത്ത് കപ്പല്‍ ചാല് നിര്‍മിക്കരുതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം, തമിഴ്നാട് തീരങ്ങളിലെ തോറിയം ശേഖരം ഇന്ത്യയുടെ ആണവ പദ്ധതികളില്‍ സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. രാമസേതു തകര്‍ക്കുന്നതോടെ ഇതിന്റെ ലഭ്യതയും നിലയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: