ന്യൂദല്‍ഹി: രാജ്യത്തെ പ്രെട്രോളിന്റെ 62 ശതമാനവും കത്തിച്ചുതീര്‍ക്കുന്നത് ഇരുചക്ര വാഹനങ്ങളെന്ന് സര്‍വെ റിപ്പോര്‍ട്ട്. പെട്രോളിയം മന്ത്രാലയത്തിന് വേണ്ടി പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്‍ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. കാറുകളില്‍ 27 ശതമാനവും മുച്ചക്ര വാഹനങ്ങളില്‍ ആറ് ശതമാനവും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ട് ശതമാനവും പെട്രോളാണ് ഉപയോഗിക്കുന്നത്.
ആഭ്യന്തര പെട്രോളിയം വിപണിയെ നിയന്ത്രിക്കുന്നതിനായുള്ള കരട് രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സര്‍വെ നടത്തിയത്. വര്‍ധിച്ചുവരുന്ന എണ്ണ ഇറക്കുമതി ബില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെത്തന്നെ തകിടം മറിയ്ക്കുകയാണ്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ എണ്ണ ഇറക്കുമതി ബില്‍ 9.5 ശതമാനം വര്‍ധിച്ച് 347,432 കോടി രൂപയിലെത്തിയിരുന്നു. 180,000 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ കണക്കാക്കുന്നത്.
ഏകദേശം 16 ദശലക്ഷം ടണ്‍ പെട്രോള്‍ ഉപഭോഗാമാണ് കണക്കാക്കുന്നത്. നാല് ശതമാനമാണ് യൂട്ടിലിറ്റി വാഹനങ്ങള്‍ കത്തിച്ചുതീര്‍ക്കുന്നത്. തീരമേഖലകളിലും കുഗ്രാമങ്ങളിലും ജനങ്ങള്‍ ജീവിതമാര്‍ഗ്ഗത്തിനായി റീട്ടെയില്‍ ഔട്ട്ലെറ്റുകളില് നിന്നും പെട്രോള്‍ വാങ്ങി മത്സ്യബന്ധന ബോട്ടുകളിലും ബൈക്കുകളിലും ഉപയോഗിക്കുന്നതിനായി വില്പന നടത്തുന്നുണ്ട്. ഇത് ഏകദേശം രണ്ട് ശതമാനം വരുമെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ബംഗാളിലേയും അസമിലേയും തേയില തോട്ടങ്ങളില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പെട്രോള്‍ ഉപയോഗിക്കുന്നുണ്ട്. ഡീസല്‍ ഉപഭോഗത്തിന്റെ കാര്യത്തില്‍ 66 ശതമാനമാണ് ഗതാഗതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. 19 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കും രണ്ട് ശതമാനത്തിലധികം മൊബെയില്‍ ടവറുകളിലും ശേഷിക്കുന്നവ ജനറേറ്ററുകളിലും നിര്‍മാണ ഉപകരണങ്ങളിലുമാണ് ഉപയോഗിക്കുന്നത്.
69 ദശലക്ഷം ടണ്‍ ഡീസല്‍ ഉപഭോഗമാണ് രാജ്യത്ത് കണക്കാക്കുന്നത്. രാജ്യത്ത് വിറ്റഴിക്കുന്ന ഡീസലില്‍ 38 ശതമാനവും വാണിജ്യ വാഹനങ്ങളും മിനി വാന്‍, ട്രക്ക്, ബസ് മുതലായവയിലാണ് ഉപയോഗിക്കുന്നത്. കാറുകളും എസ് യു വി മോഡലുകളും ഉപയോഗിക്കുന്നതാവട്ടെ 19 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: