ന്യൂദല്‍ഹി: രാജ്യത്ത് മതവര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മതം തിരിച്ചുള്ള കണക്കുകള്‍ ഇതാദ്യമായി സര്‍ക്കാര്‍ പുറത്തുവിട്ടു. ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ വര്‍ഗീയതക്കെതിരേയുള്ള നിലപാടു കര്‍ക്കശമാക്കാനും രാജ്യത്ത് മത-സമുദായ സൗഹാര്‍ദ്ദം പുലര്‍ത്താനും നല്കിയ ആഹ്വാനത്തിനു തൊട്ടു പിറകേയാണിത്.
ഈ വര്‍ഷം (2013) രാജ്യത്ത് നടന്നത് 107 വര്‍ഗീയ കലാപങ്ങളാണ്. അതില്‍ 41 ഹിന്ദുക്കളാണു കൊല്ലപ്പെട്ടത്. 66 മുസ്ലിങ്ങള്‍ക്കും ജീവഹാനി സംഭവിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ആധികാരിക രേഖയിലേതാണ് ഈ കണക്കുകള്‍.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍. അവിടെ കൂടുതലും കൊല്ലപ്പെട്ടത് മുസ്ലിങ്ങളാണ്. അവിടെ 20 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ 42 മുസ്ലിങ്ങള്‍ മരിച്ചു. 2012-ല്‍ മാത്രം ഇവിടെ 39 പേര് വര്‍ഗീയ കലാപങ്ങളില്‍ മരിച്ചു.
2013-ല്‍ യുപിയില്‍ ഈ മാസം വരെയുള്ള കണക്കില്‍ 93 വര്‍ഗ്ഗീയ കലാപങ്ങളും 108 സംഘര്‍ഷങ്ങളുമുണ്ടായി. സെപ്റ്റംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 479 വര്‍ഗ്ഗീയ കലാപങ്ങളാണുണ്ടായിരിക്കുന്നത്.
1697 പേര്‍ക്ക് ഈ സംഭവങ്ങളിലൂടെ പരിക്കേറ്റു. അവരില്‍ 794 പേര് ഹിന്ദുക്കളാണ്. 703 പേര് മുസ്ലിങ്ങളും 200 പേര് പോലീസ് സേനയിലുള്ളവരുമാണ്.
മഹാരാഷ്ട്രയില്‍ 56 വര്‍ഗീയ കലഹങ്ങളില്‍ 10 പേര് കൊല്ലപ്പെട്ടു, 271 പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ട 10-ല്‍ ഏഴുപേര്‍ ന്യൂനപക്ഷമാണ്. മൂന്നു ഹിന്ദുക്കള്ക്കാണു ജീവഹാനി സംഭവിച്ചത്. പരിക്കേറ്റ ഹിന്ദുക്കളുടെ എണ്ണം 101, മുസ്ലിങ്ങള്‍ 106.
ബീഹാറില്‍ 40 വര്‍ഗീയ ലഹളകള്‍ ഉണ്ടായതില്‍ അഞ്ചു ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, നാലു മുസ്ലിങ്ങളും.
ഗുജറാത്തില്‍ 54 വര്‍ഗീയ കലഹങ്ങളുണ്ടായി. ആറുപേര്‍ മരിച്ചതില്‍ ഹിന്ദു-മുസ്ലിം മതവിഭാഗത്തില്‍നിന്ന് മൂന്നുപേര്‍ വീതമുണ്ട്. 85 ഹിന്ദുക്കള്‍ക്കും 57 മുസ്ലിങ്ങള്‍ക്കും പരിക്കേറ്റു.
കഴിഞ്ഞ വര്‍ഷം (2012) ഉണ്ടായ 640 വര്‍ഗ്ഗീയ കലാപങ്ങളില്‍ 93 പേരാണ് മരിച്ചത്. അവരില്‍ 44 ഹിന്ദുക്കളും 48 മുസ്ലിങ്ങളുമാണുള്ളത്. ആകെ 2,067 പേര്‍ക്കു പരിക്കേറ്റതില്‍ 1,010 പേര് ഹിന്ദുക്കളാണ്. 787 മുസ്ലിങ്ങള്‍ക്കു പരിക്കേറ്റു. 222 പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കുണ്ടായി. പുറമേ മറ്റ് 48 പേര്‍ക്കും.
യുപിയില്തന്നെയാണ് കഴിഞ്ഞ വര്‍ഷവും കൂടുതല്‍ കലാപങ്ങള്‍, 117 എണ്ണം. കൊല്ലപ്പെട്ടത് 20 ഹിന്ദുക്കളും 19 മുസ്ലിങ്ങളും. മഹാ രാഷ്ട്രയില്‍ 94 കലാപങ്ങളിലായി കൊല്ലപ്പെട്ടത് ഒമ്പതു മുസ്ലിങ്ങളും ആറു ഹിന്ദുക്കളുമാണ്.
മധ്യപ്രദേശിലുണ്ടായ 89 സംഭവങ്ങളില്‍ അഞ്ചു മുസ്ലിങ്ങളും നാലു ഹിന്ദുക്കളും ഉള്‍പ്പെടുന്നു.
പശ്ചിമ ബംഗാളില്‍ 23 സംഭവങ്ങളില്‍ എട്ടു മുസ്ലിങ്ങളും ഒരു ഹിന്ദുവുമാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: