കൊച്ചി: ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത സുരേഷ് എസ്. അയ്യര്‍ ഇനി സംസാരിക്കും; ഒട്ടേറെ നാവിലൂടെ. ഇനികേള്ക്കും; നിരവധി കര്ണങ്ങളിലൂടെ.
എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച സുരേഷ് അയ്യര്‍, തന്റെ കരളിനൊപ്പം വൃക്കയും കണ്ണുകളും ദാനം ചെയ്ത് നാലുപേരുടെ ജീവിതത്തില്‍ പ്രകാശം പരത്തി. സേവാഭാരതി പ്രവര്‍ത്തകനാണ് സുരേഷ്. സഹോദരന് രാമസ്വാമി അയ്യര്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ വ്യവസ്ഥാപ്രമുഖ് ആണ്. സുരേഷിനെപ്പോലെ തന്നെ സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ഭാര്യ ജയശ്രീയുടെ മൗനാനുവാദത്തോടെ മുതിര്‍ന്ന സഹോദരനായ ലക്ഷ്മണയ്യര്‍ അവയവദാനമെന്നനന്മയ്ക്ക് പച്ചക്കൊടി വീശിയതോടെ മരണത്തെ തോല്പിച്ച് അനശ്വരനാകാന്‍ സുരേഷിന് അവസരമൊരുങ്ങി.
ആശുപത്രിയില്‍ ചികിത്സയിലുള്ള ജോര്‍ജ് ജോസഫ്, മനോജ് എസ്. ഭാസ്കര്‍ എന്നിവരുള്‍പ്പെടെ നാലു പേര് സുരേഷിന്റെ കാരുണ്യത്താല്‍ ജീവിതത്തിലേക്ക് തിരികെയെത്തും.
കഠിനമായ തലവേദനയെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കോട്ടയം ഓണംതുരുത്ത് വെള്ളാപ്പള്ളി മഠത്തില്‍ സുരേഷിനെ ((43) ആശുപത്രിയില്‍ എത്തിച്ചത്. സിടി സ്കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായി കണ്ടെത്തി. ഇതിനിടെ ഹൃദയാഘാതമുണ്ടായ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടര്‍ന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം മെഡിക്കല്‍ ട്രസ്റ്റിലെ ന്യൂറോളജിസ്റ്റ് ഡോ. ദിലീപ് മാത്തനും ലേക്ക്ഷോര്‍ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. മുരളീ കൃഷ്ണ മേനോനും മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ബന്ധുക്കള്‍ അവയവ ദാനത്തിന് സമ്മതിച്ചതോടെ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് മുഖേന ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരുന്ന മനോജ് എസ്. ഭാസ്കറിന് കരളും ജോര്‍ജ് ജോസഫിന് വൃക്കയും പകുത്തു നല്കി. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ ആവശ്യക്കാരനെ കാത്തിരിക്കുന്നു.
ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, ഡോ. ബിജോയ് ഏബ്രഹാം, ഡോ. ആദിത്യ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മനോജ് എസ്. ഭാസ്കറിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മൂന്നു മണിക്കൂറോളമെടുത്ത വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് യൂറോളജിസ്റ്റ് ഡോ. ജോര്‍ജ് പി.ഏബ്രഹാമിനൊപ്പം ഡോ. ടി.എസ് അവിനാശ്, ഡോ. ഡാറ്റ്സന്‍ ജോര്‍ജ് പി. എന്നിവരും നേതൃത്വം നല്കി.
സുരേഷ് അയ്യരുടെ ഭൗതികശരീരം ഇന്നലെ കോട്ടയം ഓണംതുരുത്ത് വെള്ളാപ്പള്ളി മഠത്തിലെ വീട്ടുവളപ്പി ല്‍ സംസ്കരിച്ചു. വെള്ളാപ്പള്ളി മഠത്തില്‍ പരേതരായ വി.കെ. സുന്ദരേശ്വര അയ്യരുടെയും മീനാക്ഷിയമ്മയുടെയും 11 മക്കളില്‍ ഏറ്റവും ഇളയ മകനായ സുരേഷിന് (43) ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയും ഉണ്ടായിരുന്നില്ല. തയ്യല്‍ ജോലിയിലൂടെ സമ്പാദിച്ച തുകയ്ക്ക് സ്വന്തമായി വീടു വച്ച് എട്ടു മാസം മുന്‍പാണ് സുരേഷും ഭാര്യയും മാറിത്താമസിച്ചത്. സുരേഷ്-ജയശ്രീ ദമ്പതികള്‍ക്ക് മക്കളില്ല.
സഹോദരങ്ങള്‍: സുബ്ബലക്ഷ്മി, കനകലക്ഷ്മി, കൃഷ്ണയ്യര്‍, ലക്ഷ്മണയ്യര്‍, ഹരിഹര സുബ്രഹ്മണ്യ അയ്യര്‍, രാജരാജേശ്വരി, രാമസ്വാമി അയ്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: