ഹൈദരാബാദ്: പതിനാറ് മാസത്തെ ജയില്‍വാസത്തിന് ശേഷം െവൈഎസ്ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി ജാമ്യത്തിലിറങ്ങി.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ജഗന് ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ജഗനെ കാത്ത് ജയിലിന് മുന്നില്‍ ഒട്ടേറെ വൈഎസ്ആര്‍സി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തടിച്ചുകൂടിയിരുന്നു. കോടതി ഉത്തരവനുസരിച്ച് ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ട് നാലുമണിയോടെ പുറത്തിറങ്ങിയ ജഗനെ മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ജയില്‍ പരിസരത്ത് വന്‍സുരക്ഷാസന്നാഹവും ഒരുക്കിയിരുന്നു. സംസ്ഥാന പോലീസിനെ കൂടാതെ അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. തിങ്കളാഴ്ച്ചയാണ് ഉപാധികളോടെ ജഗന്മോഹന് റെഡ്ഡിക്ക് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 27നാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജഗന് അറസ്റ്റിലായത്.
2004- 2009 കാലയളവില്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന പിതാവ് വൈ.എസ്. രാജശേഖരറെഡ്ഡിയുടെ പദവി ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ സഹായിച്ച് ജഗന് തന്റെ കമ്പനികളില്‍ നിക്ഷേപം നടത്തിച്ച് വന്‍സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം.മുമ്പ് രണ്ട് തവണ ജഗന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനിടെയാണ് ജഗന് പുറത്തിറങ്ങിയത്.
തെലങ്കാന രൂപീകരണത്തിനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കഡപ്പ എംപിയായ ജഗന് മോഹന്‍ റെഡ്ഡി പാര്‍ലമെന്റംഗത്വവും ജഗന്റെ മാതാവും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ വിജയമ്മ നിയമസഭാംഗത്വവും രാജിവച്ച് പ്രതിഷേധമറിയിച്ചിരുന്നു.
ജയിലില്‍ ഉപവാസസമരം നടത്തിയും ജഗന് ഇക്കാര്യത്തില്‍ പ്രതിഷേധിച്ചിരുന്നു.
ആന്ധ്രാരാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി വളരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ദേശീയപാര്‍ട്ടികളും ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ ഉപരതെരഞ്ഞെടുപ്പില്‍ പതിനെട്ടില്‍ പതിനഞ്ച് സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസാണ് നേടിയത്.
അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജഗന്റെ നേരിട്ടുള്ള നേതൃത്വം വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: