കോട്ടയം: മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കാന്‍ ശ്രമിച്ച ചെന്നായയുടെ നയമാണ് ദൃശ്യമാധ്യമങ്ങളുടേതെന്ന് മന്ത്രി കെ.സി ജോസഫ്. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ‘ചാനല്യുഗവും വാര്‍ത്തയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ വിഷയത്തില്‍ അടുത്തിടെ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിച്ചതായും മന്ത്രി കുറ്റപ്പെടുത്തി.
ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയോടെ അച്ചടിമാധ്യമങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല എന്ന ആശങ്ക അസ്ഥാനത്തായി. പത്രങ്ങളുടെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ക്ക് ജനങ്ങള്‍ അച്ചടി മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്നതാണ് വസ്തുത. സെന്‍സേഷണലിസത്തിന്റെ പിന്നാലെ പോയി അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ ചെയ്ത് ദൃശ്യമാധ്യമങ്ങള്‍ സ്വയംവിശ്വാസ്യത കളഞ്ഞ് കുളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവുമില്ല. മാധ്യമങ്ങള്‍ ദോഷൈകദൃക്കുകളായി മാറുകയാണ്. സമൂഹത്തിന്റെ വിശ്വാസ്യത പൊതുവേ നഷ്ടപ്പെട്ട കാലമാണിത്. കോടതികളുടെ വിശ്വാസ്യതപോലും നഷ്ടപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വാണിജ്യതാല്പര്യങ്ങളാണ് ചാനലുകളെ നയിക്കുന്നത്. പ്രസ്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ദൃശ്യമാധ്യമങ്ങളെ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. ന്യൂസ് ചാനലുകള്‍ക്ക് ‘ടാം റേറ്റിംഗ്’ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നും ചാനലുകള്‍ക്ക് ലക്ഷ്മണരേഖ വേണമെന്നും കെ.സി ജോസഫ് പറഞ്ഞു.
ബ്രേക്കിംഗ് ന്യൂസ് തന്നാല്‍ ഏതൊരു ക്രിമിനലിനും ജനങ്ങളുടെ കോടതിയില്‍ മാന്യത നേടിക്കൊടുക്കുന്ന സമീപനമാണ് ചാനലുകളുടേതെന്ന് അധ്യക്ഷതവഹിച്ച മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്റെ വിശ്വാസ്യതയാണ് ടാം റേറ്റിംഗിനേക്കാള്‍ പ്രധാനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദേശീയ പ്രശ്നങ്ങളില്‍ പങ്കുവഹിക്കാന്‍ മലയാള മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് വിഷയം അവതരിപ്പിച്ച കെ.എം റോയ് പറഞ്ഞു. രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് അന്തര്‍വാഹിനി നീറ്റിലിറക്കിയതിന് പോലും വേണ്ടത്ര പ്രധാന്യം നല്കാന് മലയാള മാധ്യമങ്ങള്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എം മനോജ്, എ.സജീവന്, പ്രൊഫ. പി.എന്‍.കേരളവര്‍മ്മ, എന്‍. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ചെറുകര സണ്ണി ലൂക്കോസ് സ്വാഗതവും ശ്രീകുമാര്‍ പള്ളിലേത്ത് നന്ദിയും പറഞ്ഞു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: