ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ മുമ്പും സൈന്യം മന്ത്രിമാര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി കരസേനാ മുന്‍ മേധാവി വി.കെ സിംഗ് പറഞ്ഞു. സാമ്പത്തിക സഹായം കൈപ്പറ്റിയവരുടെ പേരുകള്‍ വി.കെ സിംഗ് വെളിപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ആവശ്യപ്പെട്ടു. വിവരങ്ങള്‍ നല്കിയാല് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീരില്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വി.കെ സിംഗ് ശ്രമിച്ചുവെന്ന് കരസേനാ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മറുപടിയുമായി വി.കെ സിംഗ് രംഗത്ത് എത്തിയത്. എല്ലാക്കാലത്തും ജമ്മു കാശ്മീരിലെ മന്ത്രിമാര്‍ക്ക് സൈന്യം സഹായം നല്‍കിയിരുന്നു. ജനങ്ങളെ ഒരുമിച്ച് നിര്‍ത്താനാണ് സൈന്യം ഫണ്ട് നല്‍കുന്നത്.
സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് കുറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതെല്ലാം നടപ്പാക്കുകയും വേണം സൈന്യത്തിനും പലകാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് പണം ചെലവാക്കിയതെന്ന് സിംഗ് വെളിപ്പെടുത്തി. ജമ്മു കാശ്മീര്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഇതെല്ലാം അറിവുള്ളതാണെന്നും ഒരു സ്വകാര്യ ചാനലില്‍ നല്കിയ അഭിമുഖത്തില്‍ വി.കെ സിങ് പറഞ്ഞു.
തന്റെ കീഴില്‍ രഹസ്യ ഇന്റലിജന്‍സ് ബ്യൂറോ പ്രവര്‍ത്തിച്ചുവെന്ന ആരോപണവും വി.കെ സിംഗ് നിഷേധിച്ചു. തനിക്കെതിരെ ആരോപണം ഉയര്‍ന്നതില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേനയുടെ രഹസ്യറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ വി.കെ സിങ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്.
വി.കെ സിംഗിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: