ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. പാചകവാതക സബ്സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്ബന്ധമാക്കുന്നതിനിടെയാണ് രാജ്യത്തെ പരമോന്നതകോടതിയില്‍ നിന്ന് കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധിയുണ്ടായത്. വിവാഹ രജിസ്ട്രേഷന്, പാചകവാതക സബ്സിഡി, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡ് എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തില്പെടുന്ന കാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് അവശ്യസേവനങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ് വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നാണ് സുപ്രീംകോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതൊടൊപ്പം അനധികൃത കുടിയേറ്റക്കാര്‍ക്ക് യാതൊരു കാരണവശാലും ആധാര്‍ കാര്‍ഡ് അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ആധാര്കാര്ഡിനായി 50, 000 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളിയാണ് പ്രധാനസേവനങ്ങള്ക്ക് ഇതിന്റെ ആവശ്യമില്ലെന്ന വിധി. പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പെട്രോളിയം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ആധാര്‍ കാര്‍ഡിന്റെ ആവശ്യകത സംബന്ധിച്ച് കര്‍ണ്ണാടകഹൈക്കോടതിയില്‍ നിന്ന് അടുത്തിടെ വിരമിച്ച ജസ്റ്റീസ് കെ.എസ്. പുട്ടസ്വാമി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബി.എസ്. ചൗഹാന്, എസ്.എ.ബോബ്ദേ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ആധാര്‍ പദ്ധതി നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. മൗലികാവകാശങ്ങളുടെ ലംഘനവും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് ഈ പദ്ധതി. ആധാര്‍ വ്യക്തിപരമായ തീരുമാനമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ശരിയല്ല. വിവാഹ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാര്‍ കാര്‍ഡില്ലാത്തവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ജസ്റ്റിസ് പുട്ടസ്വാമി ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ആധാര്‍ കാര്‍ഡ് രാജ്യത്തെ എല്ലാ പൗരന്മാരിലുമെത്തിക്കാന് ഇപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആധാര്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പാചകവാതക സബ്സിഡിക്ക് ഇത് നിര്‍ബന്ധമാക്കുന്നതിനെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗം എം.പി.അച്യുതന് രാജ്യസഭയില്‍ ചോദ്യം ചെയ്തിരുന്നു.
ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന് നിലേക്കനിയുടെ നേതൃത്വത്തില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് ആധാര്‍ കാര്‍ഡ് വിതരണത്തിന് ചുക്കാന്‍ പിടിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാനപദ്ധതികളിലൊന്നായിരുന്നു ഇത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് തടയിടുക, പാര്‍ശ്വവത്ക്കരിക്കപ്പെട്ട പൗരന്മാര്ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉറപ്പാക്കാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു സര്‍ക്കാര്‍ ഇത് വഴി ലക്ഷ്യമിട്ടത്.
എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതില്‍ സാധാരണ ജനങ്ങള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അനധികൃതകുടിയേറ്റക്കാര്‍ക്ക് സഹായകമാകുകയുമാണ് ചെയ്തത്. മുംബൈ പോലുള്ള നഗരങ്ങളില്‍ നിന്ന് കൈക്കൂലി നല്കി ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയ ബംഗ്ലാദേശികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ യുപിഎ സര്‍ക്കാരിന്റെ പ്രധാനപദ്ധതികളിലൊന്നായ ആധാറിനെതിരെ സുപ്രീംകോടതി നിലപാടെടുത്തത് കേന്ദ്രത്തിന് ശക്തമായ തിരിച്ചടിയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: